ജമ്മു കശ്മീരിന് സംസ്ഥാനപദവി: ‘എത്ര’ വേഗം ?
ന്യൂഡൽഹി ∙ ജമ്മു കശ്മീരിന് എത്രയുംവേഗം സംസ്ഥാനപദവി തിരിച്ചുനൽകണമെന്നു നിർദേശിച്ചെങ്കിലും ‘എത്ര വേഗം’ എന്നു സുപ്രീം കോടതി കൃത്യമായി പറയാത്തതു കേന്ദ്രസർക്കാർ പഴുതാക്കുമോയെന്നു ചോദ്യമുയരുന്നു. സംസ്ഥാനത്തു തിരഞ്ഞെടുപ്പു നടത്താൻ സമയപരിധി നിശ്ചയിച്ചെങ്കിലും സംസ്ഥാനപദവിയുടെ കാര്യത്തിൽ അതുണ്ടായില്ല.
∙ സമയപരിധി ഇല്ലെങ്കിൽ എന്ത് ?
ജമ്മു കശ്മീരിനു സംസ്ഥാനപദവി തിരിച്ചുകിട്ടുന്നതു ബിജെപി ഇതര പാർട്ടികൾക്കു വോട്ടിലേക്കുള്ള വഴിയാണ്. തങ്ങളുടെ പോരാട്ടമാണു പദവി തിരിച്ചുകിട്ടാൻ വഴിവച്ചതെന്ന് അവർക്കു വാദിക്കാം. അതിനാൽ, തിരഞ്ഞെടുപ്പു നടത്തി അധികാരത്തിൽ വന്നശേഷം സംസ്ഥാനപദവി നൽകാമെന്നാണു ബിജെപിയുടെ അജൻഡ.
∙ ‘കശ്മീർ രാഷ്ട്രീയം’ തുടരും
370–ാം വകുപ്പ് റദ്ദാക്കിയ തീരുമാനം സുപ്രീം കോടതി ശരിവച്ചതിൽ കശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ അസംതൃപ്തി പരസ്യമാക്കി. ഇതിൽ ഒരു കാര്യം വ്യക്തം: 370–ാം വകുപ്പിലൂടെ നൽകിയിരുന്ന പ്രത്യേകപദവി സംബന്ധിച്ച നിയമയുദ്ധം അവസാനിച്ചാലും രാഷ്ട്രീയ പോരാട്ടം തുടരും. പ്രാദേശികമായി എതിർപ്പു നിലനിൽക്കുന്നതു തിരിച്ചടിച്ചേക്കുമെന്ന ആശങ്ക ബിജെപിക്കുണ്ട്. ഇതു മറികടക്കാൻ, ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേകാവകാശങ്ങളുടെ രീതിയിൽ ഇളവുകളും നിബന്ധനകളും സർക്കാർ പരിഗണിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.
∙ യഥാർഥ ‘വിധിക്ക്’ 10 മാസം
2024 സെപ്റ്റംബർ 30നു മുൻപായി തിരഞ്ഞെടുപ്പു പൂർത്തിയാക്കാനാണു സുപ്രീം കോടതി നിർദേശിച്ചത്. തയാറെടുപ്പുകൾ പൂർത്തിയായെന്നു തിരഞ്ഞെടുപ്പു കമ്മിഷനും അറിയിച്ചു. കാലാവസ്ഥ ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിഗണിച്ച് സാധാരണ, നവംബർ മുതൽ മാർച്ച് വരെ ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പുകൾ നടക്കാറില്ല. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താൻ കേന്ദ്രം ശ്രമിച്ചേക്കുമെന്നു ശ്രുതിയുണ്ട്. രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇത്.
∙ വസ്തുതാന്വേഷണ സമിതി
1980 മുതലെങ്കിലും സംസ്ഥാനത്തു ഭരണകൂടത്തിൽ നിന്നും അല്ലാതെയുമുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതി വേണമെന്ന ജസ്റ്റിസ് സഞ്ജയ് കിഷൻ കോളിന്റെ ശുപാർശയെ കേന്ദ്രസർക്കാർ പരിഗണിക്കുമോയെന്നതാണു മറ്റൊരു ചോദ്യം. ഇത്തരമൊരു സമിതിയെ നിയമിക്കാൻ കഴിഞ്ഞാൽ ഇതുവഴി രാഷ്ട്രീയ ലാഭം ബിജെപി പ്രതീക്ഷിക്കുന്നു. സമിതിയുടെ നിഷ്പക്ഷത ബിജെപി ഇതര പാർട്ടികൾ പ്രശ്നമാക്കിയേക്കാം.
∙ കോടതി കയറുമോ വീണ്ടും
370–ാം വകുപ്പു റദ്ദാക്കാൻ വളഞ്ഞവഴി സ്വീകരിച്ചുവെന്ന ധ്വനിയോടെ കേന്ദ്രസർക്കാരിനെതിരെ ഗുരുതര നിരീക്ഷണങ്ങൾ ഭരണഘടനാ ബെഞ്ച് ഉത്തരവിൽ രേഖപ്പെടുത്തിയെങ്കിലും ഇവയിൽ നടപടി നിർദേശിച്ചില്ല. സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിലെ ശരികേടു ചൂണ്ടിക്കാട്ടിയെങ്കിലും ഇതിന്റെയും വിശദാംശങ്ങളിലേക്കു കടക്കാനോ തീർപ്പു പറയാനോ കോടതി ശ്രമിച്ചില്ല. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യം കോടതിക്കു മുന്നിൽ എത്തുമോയെന്നതാണു മറ്റൊരു ചോദ്യം.
English Summary:
How fast state status of Jammu and Kashmir possible
Source link