കോടതിയും അംഗീകരിച്ചു; മോദി സർക്കാരിന് നേട്ടം
ന്യൂഡൽഹി∙ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കുകയെന്നത് ബിജെപി അജൻഡയിൽ ഏറെക്കാലമുണ്ടായിരുന്ന വിഷയമാണ്. രണ്ടാം മോദി സർക്കാർ അധികാരമേറ്റശേഷം ആദ്യ പാർലമെന്റ് സമ്മേളനത്തിൽതന്നെ അതിനു നടപടിയുണ്ടായി. അതിപ്പോൾ സുപ്രീം കോടതി അംഗീകരിച്ചു. സംസ്ഥാന പദവി ഉചിത സമയത്ത് തിരികെ നൽകുമെന്ന് നേരത്തെ പലതവണ ആഭ്യന്തര മന്ത്രി അമിത്ഷാ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ഇന്നലെ, വിധിക്കുശേഷം അദ്ദേഹം പറഞ്ഞത് ‘ഉചിത സമയത്ത്’ പൂർണ സംസ്ഥാന പദവി നൽകുമെന്നാണ്.
പ്രത്യേക പദവിയുടെ കാര്യത്തിൽ ബിജെപി കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഇന്നലെ സുപ്രീം കോടതി പറഞ്ഞതുപോലെതന്നെ, 370ാം വകുപ്പ് താൽക്കാലിക സ്വഭാവമുള്ളതാണെന്ന് 60 വർഷം മുൻപുതന്നെ ജവാഹർലാൽ നെഹ്റു വ്യക്തമാക്കിയിരുന്നു. 1963 നവംബർ 27ന് ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി നെഹ്റു പറഞ്ഞു: ‘370ാം വകുപ്പ് മാറ്റത്തിന്റേതായ താൽക്കാലിക ക്രമീകരണത്തിന്റെ ഭാഗമാണ്. അത് ഭരണഘടനയുടെ സ്ഥിരം ഭാഗമല്ല.’
പ്രത്യേക പദവി പിൻവലിക്കാനുള്ള നടപടി ശരിവച്ചെങ്കിലും, അതിന്റെ ഭാഗമായി സർക്കാർ ചെയ്ത കാര്യങ്ങളോട് കോടതി അനുകൂല നിലപാടെടുത്തില്ല. ഭരണഘടന ഭേദഗതി െചയ്ത രീതി, സംസ്ഥാന പദവി പിൻവലിക്കൽ തുടങ്ങിയവയോടാണ് വിയോജിച്ചത്. എന്നാൽ, വലിയ ലക്ഷ്യത്തിനായുള്ള മാർഗങ്ങൾ എന്നതിനപ്പുറം, കോടതിനിലപാട് തിരിച്ചടിയെന്നു സമ്മതിക്കാൻ ബിജെപി തയാറാവില്ല.
പദവി പിൻവലിക്കലും സംസ്ഥാന പുനഃക്രമീകരണവും കോടതിയിൽ നിലനിൽക്കില്ലെന്ന് പ്രതിപക്ഷം വാദിച്ചിരുന്നു. എന്നാൽ, രാഷ്ട്രപതിയുടെ ഉത്തരവ് അംഗീകരിച്ചുള്ള പ്രമേയവും പുനഃക്രമീകരണ ബില്ലും ആദ്യം പാസാകട്ടെ, മറ്റു കാര്യങ്ങൾ വഴിയേ നോക്കാമെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. കേന്ദ്ര ഭരണത്തിലിരിക്കെ ജമ്മു കശ്മീരിൽ മണ്ഡല പുനഃക്രമീകരണ നടപടിയുണ്ടായി. നിയമസഭയിൽ ബിജെപിക്ക് ഭരണം പിടിക്കാൻ സഹായമാകുന്ന രീതിയിലാണ് മണ്ഡല ഇതെന്ന് വിമർശനമുയർന്നിരുന്നു.
ജമ്മു കശ്മീർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്വീകരിച്ചിട്ടുള്ള നിലപാടുകളും പരിഗണിക്കേണ്ടതാണ്. 2018 നവംബറിലാണ് ജമ്മു കശ്മീർ നിയമസഭ പിരിച്ചുവിട്ടത്. പലകാരണങ്ങൾ പറഞ്ഞാണു കമ്മിഷൻ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയത്. ഇപ്പോൾ, സെപ്റ്റംബർ 30 എന്ന സമയപരിധി കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. അതിനാൽ തിരഞ്ഞെടുപ്പു വൈകുന്നതിന് കോടതിവിധിയെ ആയുധമാക്കാം.
English Summary:
Jammu kashmir issue court also agreed and become achievement for Modi government
Source link