ഗംഭീറും ശ്രീശാന്തും തമ്മിൽ ലെജൻഡ്സ് വാക്കേറ്റം
സൂററ്റ്: ലെജൻഡ്സ് ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ മുൻ താരങ്ങളായ എസ്. ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ കശപിശ. കോഴക്കാരൻ എന്ന് ശ്രീശാന്തിനെ അഭിസംബോധന ചെയ്ത ഗംഭീർ അശ്ലീല ചുവയുള്ള വാക്കുകൾ തനിക്ക് എതിരേ ഉപയോഗിച്ചതായും ശ്രീശാന്ത് വെളിപ്പെടുത്തി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിവാദ സംഭവത്തിന്റെ വിശദീകരണം ശ്രീശാന്ത് നടത്തിയത്. വാതുവയ്പ്പ് വിവാദത്തിൽ ഒറ്റയ്ക്ക് പോരാടി ജയം നേടിയശേഷവും ഇത്തരത്തിൽ ക്രൂരമായ പരിഹാസങ്ങൾ അനുവദിക്കാൻ സാധിക്കില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യ ക്യാപിറ്റൽസിനായാണ് ഗംഭീർ കളത്തിലെത്തിയത്, ഗുജറാത്ത് ജയ്ന്റ്സിനായി ശ്രീശാന്തും. ഇരുടീമും തമ്മിൽ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റർ പോരാട്ടത്തിനിടെയാണ് ചൂടേറിയ സംഭവം അരങ്ങേറിയത്. തുടർച്ചയായി ബൗണ്ടറിയടിച്ച ഗംഭീറിനെതിരേ പന്ത് എറിയുന്നതിനിടെ ശ്രീശാന്ത് തുറിച്ചുനോക്കിയിരുന്നു. അതിനുശേഷമാണ് ഇരുവരും തമ്മിൽ മൈതാനത്തുവച്ച് വാക്കേറ്റമുണ്ടായത്. മൈതാനത്ത് എന്താണ് സംഭവിച്ചതെന്ന് മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെ ശ്രീശാന്ത് വിശദീകരണം നടത്തിയിരുന്നു. സഹതാരങ്ങളോട് മാന്യമായി പെരുമാറാത്ത ഗംഭീർ എങ്ങനെ ഒരു നല്ല ജനപ്രതിനിധിയാകുമെന്നും ശ്രീശാന്ത് ചോദിച്ചു.
മിസ്റ്റർ ഫൈറ്റർ എന്നാണ് ശ്രീശാന്ത് ഗൗതം ഗംഭീറിനെ വിശേഷിപ്പിച്ചത് എന്നതും ശ്രദ്ധേയം. ’ മിസ്റ്റർ ഫൈറ്റർ എപ്പോഴും സഹതാരങ്ങളുമായി പോരടിച്ചുകൊണ്ടിരിക്കും. ഒരു കാരണവുമില്ലെങ്കിലും അങ്ങനെതന്നെയാണ്. വീരു ഭായ് (സേവാഗ്) ഉൾപ്പെടെ തന്റെ സീനിയർ താരങ്ങളെ ബഹുമാനിക്കുക പോലുമില്ല. വിരാട് കോഹ്ലിയെ കുറിച്ച് ലൈവ് പരിപാടിയിൽ ചോദിച്ചതിന് മറ്റെന്തോ ഉത്തരമാണ് ഗംഭീർ നൽകിയത്. അതൊന്നും അംഗീകരിക്കാൻ സാധിക്കില്ല ’- ശ്രീശാന്ത് മത്സരശേഷം രാത്രിയിൽ പങ്കുവച്ച വീഡിയോയിൽ ആരോപിച്ചു. മത്സരത്തിൽ ക്യാപിറ്റൽസ് 12 റണ്‍സ് ജയം നേടി. ക്യാപ്റ്റൻ ഗംഭീറിന്റെ (30 പന്തിൽ 51) അർധസെഞ്ചുറി ബലത്തിൽ ഇന്ത്യ ക്യാപിറ്റൽസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 223 റണ്‍സ് നേടി. ഗുജറാത്ത് ജയ്ന്റ്സിന്റെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റിന് 211ൽ അവസാനിച്ചു. ജയന്റ്സിനായി ക്രിസ് ഗെയ്ൽ (55 പന്തിൽ 84), കെവിൻ ഒബ്രിയാൻ (33 പന്തിൽ 57) എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു. മത്സരത്തിൽ ശ്രീശാന്ത് മൂന്ന് ഓവറിൽ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
Source link