CINEMA

ലോകസിനിമ വിഭാഗത്തിൽ അനാട്ടമി ഓഫ് എ ഫാള്‍ ഉൾപ്പെടെ 62 ചിത്രങ്ങൾ


അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള 62 സിനിമകൾ ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 26 ഓസ്‌കാര്‍ എന്‍ട്രികളും 17 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.
റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രസന്ന വിതാനഗെ ചിത്രം ‘പാരഡൈസ്’ ആണ് ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം. ശ്രീലങ്കൻ വംശജനായ പ്രസന്ന വിതാനഗെയുടെ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് പാരഡൈസ്.

ഈ വർഷത്തെ കാൻ ചലച്ചിത്ര മേളയിൽ പാം ഡി ഓർ നേടിയ ജസ്റ്റിൻ ട്രിയറ്റിന്റെ ‘ദ് അനാട്ടമി ഓഫ് എ ഫാള്‍’ എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ടർക്കിഷ് സംവിധായകൻ നൂറി ബിൽഗെ സെയ്ലാൻ ചിത്രം ‘എബൌട്ട് ഡ്രൈ ഗ്രാസെസ്’ എന്ന ചിത്രവും ഈ വർഷത്തെ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നത് ലോക സിനിമയെ ഗൌരവകരമായി കാണുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.

കൂടാതെ എം.ടി. വാസുദേവൻനായർ തിരക്കഥയെഴുതി പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ഓളവും തീരവും'(1969), കെ ജി ജോർജ് സംവിധാനം ചെയ്ത യവനിക(1982), ജി അരവിന്ദന്റെ അവസാന ചിത്രമായ വാസ്തുഹാര (1991), ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ഭൂതക്കണ്ണാടി (1997) എന്നീ ചിത്രങ്ങളുടെ റീസ്റ്റോറേഷൻ നടത്തി ദൃശ്യ- ശബ്ദ മികവ് വർധിപ്പിച്ച പതിപ്പുകളും മേളയിൽ ‘റീസ്റ്റോർഡ് ക്‌ളാസിക്‌സ്’ എന്ന വിഭാഗത്തിൽ കാണാൻ സാധിക്കുന്നതാണ്.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.
ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്നീ മലയാള ചിത്രങ്ങൾ രാജ്യാന്തര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.

ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വച്ചാണ് ഇരുപതിയെട്ടാമത് ഐഎഫ്എഫ്കെ അരങ്ങേറുന്നത്.


Source link

Related Articles

Back to top button