പന്ത് കൈകൊണ്ട് തട്ടിയ ബാറ്റർ മുഷ്ഫിക്കർ ഡിആർഎസിലൂടെ പുറത്ത്
ധാക്ക: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായതിന്റെ 29-ാം നാളിൽ മറ്റൊരു അപൂർവ ഔട്ട്. ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന്റെ മുഷ്ഫിക്കർ റഹീം ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിലൂടെ പുറത്ത്. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഫീൽഡ് തടസപ്പെടുത്തലിലൂടെ പുറത്താകുന്ന രണ്ടാമത് മാത്രം ബാറ്ററാണ് മുഷ്ഫിക്കർ. 1951ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇംഗ്ലണ്ടിന്റെ ലെൻ ഹ്യൂട്ടണ്‍ ആണ് രാജ്യാന്തര ടെസ്റ്റിൽ ആദ്യമായി ഫീൽഡ് തടസപ്പെടുത്തിയതിലൂടെ പുറത്തായത്. 52 വർഷത്തിനുശേഷം ഇപ്പോൾ മുഷ്ഫിക്കറും അതേപാതയിൽ ഔട്ട്. ഇത്തരത്തിൽ പുറത്താകുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് മുഷ്ഫിക്കർ. രാജ്യാന്തര ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 1987ൽ പാക്കിസ്ഥാന്റെ റമീസ് രാജമുതൽ 2021ൽ ശ്രീലങ്കയുടെ ധനുഷ്ക ഗുണതിലക വരെയായി എട്ട് പേർ ഇത്തരത്തിൽ ഔട്ടായിട്ടുണ്ട്. രാജ്യാന്തര ട്വന്റി-20യിൽ മൂന്ന് ബാറ്റർമാരും ഫീൽഡ് തടസപ്പെടുത്തി പവലിയനിലേക്ക് നടന്നു. ഔട്ട് വന്ന വഴി ബംഗ്ലാദേശ് ഇന്നിംഗ്സിലെ 41-ാം ഓവറിന്റെ നാലാം പന്ത്. ന്യൂസിലൻഡ് പേസർ കെയ്ൽ ജെയ്മിസണ്‍ എറിഞ്ഞ ലെംഗ്ത് ബോൾ മുഷ്ഫിക്കർ ഡിഫെൻഡ് ചെയ്തു. ക്രീസിനു പുറത്തേക്ക് പോകുകയായിരുന്ന പന്ത് മുഷ്ഫിക്കർ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. വിക്കറ്റിലേക്ക് പന്ത് എത്താൻ ഒരു സാധ്യതയും ഇല്ലായിരുന്നിട്ടും ക്രിക്കറ്റ് നിയമത്തിനു വിരുധമായ കാര്യമാണ് പരിചയ സന്പന്നനായ മുഷ്ഫിക്കർ ചെയ്തത്. ജെയ്മിസണിന്റെ അപ്പീലിൽ ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡ് എന്ന നിയമത്തിന്റെ പരിധിയിൽ ഡിആർഎസിലൂടെ അന്പയർ ഔട്ട് വിധിച്ചു. 2017 മുതൽ ബാറ്റർ പന്ത് കൈകാര്യം ചെയ്യുന്നത് ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.
ക്രിക്കറ്റിൽ 10 വ്യത്യസ്ത രീതിയിൽ ബാറ്ററെ പുറത്താക്കാൻ നിയമമുള്ളിൽ ഒന്നുമാത്രമാണ് ഫീൽഡ് തടസപ്പെടുത്തൽ. ബൗൾഡ്, ലെഗ് ബിഫോർ ദ വിക്കറ്റ് (എൽബിഡബ്ല്യു), ക്യാച്ച്, റണ്ണൗട്ട്, സ്റ്റംപ്ഡ്, ഹിറ്റ് വിക്കറ്റ്, ഡബിൾ ഹിറ്റ്, ടൈംഡ് ഔട്ട്, മങ്കാദിംഗ് എന്നിവയാണ് മറ്റ് നിയമപരമായ ഔട്ടുകൾ. ചിറകറ്റ് കിവീസ് ആദ്യ ടെസ്റ്റിൽ ജയം നേടിയ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ ഒന്നാംദിനം അവസാനിക്കുന്പോൾ കിവീസിന്റെ ചിറകൊടിച്ചു. ടോസ് നേടി ബാറ്റിംഗ് ഇറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 66.2 ഓവറിൽ 172ന് അവസാനിച്ചിരുന്നു. എന്നാൽ, തിരിച്ചടിച്ച ബംഗ്ലാദേശ് ഒന്നാംദിനം അവസാനിക്കുമ്പോൾ ന്യൂസിലൻഡിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിലൂടെ പുറത്തായ മുഷ്ഫിക്കറാണ് (83 പന്തിൽ 35) ബംഗ്ലാദേശ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഷഹാദത്ത് ഹൊസൈൻ 31 റണ്‍സ് നേടി. ന്യൂസിലൻഡിനായി സ്പിന്നർമാരായ മിച്ചൽ സാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിവർ മൂന്ന് വീതവും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ന്യൂസിലൻഡ് ആദ്യദിനം അവസാനിച്ചപ്പോൾ 12.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 55 റണ്‍സ് എന്ന നിലയിലാണ്. സ്പിന്നർമാരായ തൈജുൾ ഇസ്ലാം രണ്ടും മെഹിഡി ഹസൻ മൂന്നും വിക്കറ്റ് വീഴ്ത്തി. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുമോ എന്നതാണ് രണ്ടാംദിനമായ ഇന്നറിയേണ്ടത്. വെളിച്ചക്കുറവിനെ തുടർന്ന് നേരത്തേ മത്സരം അവസാനിപ്പിച്ച ഒന്നാംദിനം 79 ഓവർ മാത്രമാണ് എറിഞ്ഞത്, വീണ 15 വിക്കറ്റിൽ 13ഉം സ്പിന്നർമാർ സ്വന്തമാക്കുകയും ചെയ്തു.
Source link