വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങി, ജല നിരപ്പും ഉയരുന്നു: സഹായം അഭ്യർഥിച്ച് വിഷ്ണു വിശാൽ
ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തി നടൻ വിഷ്ണു വിശാൽ. തന്റെ വീട്ടിനുളളിലേക്കും വെള്ളം കയറുന്ന അവസ്ഥയാണെന്നും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും വിഷ്ണു വിശാൽ ട്വീറ്റ് ചെയ്തു. വീട്ടിനുള്ളിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. വീടിനു ചുറ്റും വെള്ളം പൊങ്ങിയ അവസ്ഥയിലാണുള്ളത്.
‘‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാൻ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിനു ടെറസിനു മുകളിൽ മാത്രമാണ് ഫോണിനു സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്.’’–വിഷ്ണു വിശാല്‍ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ചെന്നൈയിൽ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാർട്മെന്റിൽ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹയും വെളിപ്പെടുത്തിയിരുന്നു. താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. പുറത്തിറങ്ങാൻ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പറഞ്ഞു.
മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനു പുറമേ, നദികൾ കരകവിയുകയും നഗരത്തിനു ചുറ്റുമുള്ള ജല സംഭരണികൾ തുറന്നുവിടുകയും ചെയ്തതോടെ ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചു. വെള്ളം നിറഞ്ഞ നഗരത്തിലെ എല്ലാ അടിപ്പാതകളും അടച്ചു. പെരുങ്ങുളത്തൂർ പ്രദേശത്ത് മുതല റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പ്രചരിച്ചതോടെ ജനം ആശങ്കയിലായി. വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഉച്ചയോടെ സൈന്യവും രംഗത്തെത്തി.
Water is entering my house and the level is rising badly in karapakkamI have called for helpNo electricity no wifiNo phone signalNothingOnly on terrace at a particular point i get some signalLets hope i and so many here get some help❤️I can feel for people all over chennai… pic.twitter.com/pSHcK2pFNf— VISHNU VISHAL – VV (@TheVishnuVishal) December 5, 2023
വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ്. റോഡുകളിൽ അഞ്ചടി വരെ വെള്ളമുയർന്നു. കുത്തിയൊലിച്ച വെള്ളത്തിൽ കാറുകൾ ഒഴുകിപ്പോയി. മരങ്ങൾ കടപുഴകി വീണു. ഗതാഗതവും വൈദ്യുതിയും നിലച്ചതോടെ പലയിടത്തും ജനങ്ങൾ ഒറ്റപ്പെട്ടു.
English Summary:
Actor Vishnu caught in Chennai floods