ന്യൂസിലൻ ഡിനെതിരേ ബംഗ്ലാദേശിന് ചരിത്ര ജയം
സിൽഹെറ്റ്: ന്യൂസിലൻഡിനെതിരേ ചരിത്ര ജയം കുറിച്ച് ബംഗ്ലാദേശ്. രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ പോരാട്ടത്തിൽ 150 റണ്‍സിന്റെ ജയം കുറിച്ച് കടുവകൾ ചരിത്രം കുറിച്ചു. സ്വന്തം മണ്ണിൽ കിവീസിനെതിരേ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ടെസ്റ്റ് ചരിത്രത്തിൽ കടുവകൾ കിവികൾക്കെതിരേ നേടുന്ന രണ്ടാമത് ജയവും. സ്കോർ: ബംഗ്ലാദേശ് 310, 338. ന്യൂസിലൻഡ് 317, 181. ആദ്യ ഇന്നിംഗ്സിൽ നാലും രണ്ടാം ഇന്നിംഗ്സിൽ ആറും വിക്കറ്റ് വീഴ്ത്തിയ തൈജുൾ ഇസ്ലാമാണ് പ്ലെയർ ഓഫ് ദ മാച്ച്. 332 റണ്‍സ് എന്ന ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ ന്യൂസിലൻഡ് നാലാംദിനം അവസാനിച്ചപ്പോൾത്തന്നെ തോൽവി മുന്നിൽ കണ്ടിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റണ്‍സ് എന്ന നിലയിൽ അഞ്ചാംദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കിവീസിനെ 181ൽ കടുവകൾ കടിച്ചുകീറി വീഴ്ത്തി.
ഇതോടെ, നജ്മുൾ ഹുസൈൻ ഷാന്റൊയ്ക്ക് ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റിൽ ജയം നേടാൻ സാധിച്ചു. ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ബംഗ്ലാദേശിനായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്റർ എന്ന റിക്കാർഡും ഷാന്റൊ സ്വന്തമാക്കി. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സിൽ 105 റണ്‍സ് ഷാന്റൊ നേടിയിരുന്നു. ബംഗ്ല രണ്ടാമത് കിവീസിന് എതിരായ ചരിത്ര ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തും ബംഗ്ലാദേശ് എത്തി. പാക്കിസ്ഥാനാണ് ഒന്നാമത്. പാക്കിസ്ഥാനും ബംഗ്ലാദേശിനും പോയിന്റ് ശതമാനം 100 ആണ്. 66.67 പോയിന്റ് ശതമാനവുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയയാണ് (30.00) നാലാമത്.
Source link