CINEMA

സൂപ്പർസ്റ്റാർ പട്ടം ഉറപ്പിക്കാൻ രൺബീർ; ‘അനിമല്‍’ കലക്‌ഷൻ റിപ്പോർട്ട്

ആദ്യദിനം വമ്പന്‍ കലക്‌ഷനുമായി രൺബീര്‍ കപൂറിന്റെ ‘അനിമൽ’. സിനിമയുടെ ആദ്യ ദിന ആഗോള കലക്‌ഷൻ 116 കോടിയാണ്. രൺബീറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ആണ് സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രം ചിത്രം വാരിയത് 54.75 കോടിയാണ്. അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
അവധി ദിനമല്ലായിരുന്നിട്ടു കൂടി ഒരു എ റേറ്റഡ് സിനിമയ്ക്ക് ലഭിക്കുന്ന വരവേൽപ് അമ്പരപ്പിക്കുന്നതാണെന്ന് തരണ്‍ ആദർശ് ട്വീറ്റ് ചെയ്തു. സൂപ്പർതാരങ്ങളുടെ അതിഥി വേഷമില്ല, മൂന്ന് മണിക്കൂറിനു മുകളിൽ ദൈർഘ്യം ഇതൊക്കെയായിട്ടും രൺബീർ കപൂർ ചിത്രം ബോക്സ് ഓഫിസിൽ ചരിത്രം സൃഷ്ടിക്കുകയാണ്. 9 കോടിയാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലക്‌ഷൻ.

ബോളിവുഡിൽ ഈ അടുത്തു കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളിലൊന്നായ അനിമലിലൂടെ സൂപ്പർസ്റ്റാർ പട്ടവും രണ്‍ബീർ ഉറപ്പിക്കുകയാണ്. ജവാനും ഗദ്ദർ 2വിനും ശേഷം ഇറങ്ങിയ ഹിന്ദി സിനിമകൾക്കൊന്നും ബോക്സ്ഓഫിസിൽ നിന്നും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഷാറുഖ് ഖാൻ അതിഥി വേഷത്തിലെത്തിയിട്ടും സൽമാൻ ഖാന്റെ ടൈഗർ 3യും ബോക്സ്ഓഫിസിൽ അദ്ഭുതമൊന്നും സൃഷ്ടിച്ചില്ല.

അര്‍ജുന്‍ റെഡ്ഡി, കബീർ സിങ് എന്നീ  സിനിമകൾ ഒരുക്കിയ സന്ദീപ് റെഡ്ഡി വാങ്കയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. മികച്ച പ്രി ബുക്കിംഗ് ലഭിച്ച ചിത്രത്തിന് പക്ഷേ റിലീസ് ദിനത്തില്‍ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. എന്നാല്‍ അത് ആദ്യദിന കലക്‌ഷനെ ദോഷകരമായി ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഔദ്യോഗിക കണക്കുകള്‍.

രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

English Summary:
Animal worldwide box office collection day 1: Ranbir Kapoor film mints 116 crore


Source link

Related Articles

Back to top button