യുസി കോളജിൽ നിന്നും രാജ്യാന്തര മേളയിലേക്ക് ഒരു ‘കൾട്ട് കമ്പനി’
ക്യാംപസിൽനിന്നുള്ള ചെറിയൊരു കൂട്ടം സിനിമാപ്രേമികൾ. സിനിമയെ സ്വപ്നം കണ്ട് സിനിമ മാത്രം ചിന്തിച്ച് സിനിമയെടുത്തു പഠിച്ച് മുന്നോട്ടു വന്നവർ. ഇലക്‌ഷൻ പ്രചാരണത്തിനും മറ്റു ക്യാംപസ് ആവശ്യങ്ങൾക്കുമായി വിഡിയോ എടുത്തു പഠിച്ചാണ് അവർ സിനിമയിലേക്കു വന്നത്. ആരും തന്നെ സിനിമ പഠിച്ചിട്ടില്ല. ബിഎസ്‌സി കണക്കും മലയാളവും സുവോളജിയും പഠിച്ചു വന്നവരാണവർ. ആകെയുള്ളത് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രം.
ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ രാജ്യാന്തര മത്സര വിഭാഗത്തിൽ ആകെയുള്ള രണ്ടു മലയാള സിനിമകളിൽ ഒന്ന് അവരുടേതാണ്. ‘തടവ്’ എന്ന ഫാസിൽ റസാക്ക് ചിത്രം സിനിമയെ സ്വപ്നം കണ്ട് സിനിമ ചെയ്യാൻ കൊതിക്കുന്ന യുവാക്കൾക്ക് ഒരു പ്രചോദനം തന്നെയാണ്. ഒപ്പം ഒരു ക്യാംപസിൽ നിന്നും ഇത്തരമൊരു വേദിയിലേക്കുള്ള അവരുടെ യാത്രയും. ചലച്ചിത്രമേളയിൽ വന്ന് ലോകസിനിമകൾ കണ്ട് പിന്നീട് സിനിമകൾ ചെയ്ത ചെറുപ്പക്കാരെ പറ്റി നാം കേട്ടിട്ടുണ്ട്. എന്നാൽ ആദ്യം തന്നെ രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിലേക്ക് എത്തി, സംസ്ഥാന ടെലിവിഷൻ അവാര്‍ഡുകള്‍ നേടി പിന്നീട് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായ ആൾക്കാർ കൂടിയാണ് കൾട്ട് കമ്പനി. എല്ലാവർക്കും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായം.
കള്‍ട്ട് കമ്പനി
യുസി കോളജിൽ നിന്നാണ് കൾട്ട് കമ്പനിയുടെ തുടക്കം. അതിനെപ്പറ്റി ഛായാഗ്രാഹകനായ മൃദുല്‍ പറയുന്നതിങ്ങനെ: “ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു.ആദ്യം 40 ഓളം ആളുകൾ ഉണ്ടായിരുന്നു. മുപ്പതാം ദിവസം ആയപ്പോഴേക്കും ഞങ്ങള്‍ കുറച്ചു പേര്‍ മാത്രമായി ബാക്കി. അങ്ങനെ തുടങ്ങിയതാണ് കള്‍ട്ട് കമ്പനി.’’
ഫാസിൽ റസാഖ്, അമൃത ഇ.കെ, മൃദുൽ എസ്, വിനായക് സുതൻ, ഇസഹാക് മുസാഫിർ എന്നിവരാണ് ഇന്ന് പ്രാധാനമായും കള്‍ട്ട് കമ്പനിയിൽ ഉള്ളത്. എല്ലാവരും മുഴുവന്‍ സമയ ചലച്ചിത്ര പ്രവര്‍ത്തകരാണ്.
അതിരും പിറയും
‘‘ആദ്യമായി ഒരു രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത് അതിര് എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം എടുത്തപ്പോഴാണ്’’–സംവിധായകൻ ഫാസിൽ പറയുന്നു. ‘‘അതിരും പിറയും രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര- ഡോക്യുമെന്ററി മേളയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവിടെ പോവുകയും കൂടുതൽ സിനിമകളെ അടുത്തറിയുകയും ചെയ്തു. അവിടെ കണ്ട സിനിമകൾ പിന്നീടുള്ള സിനിമായാത്രയിൽ സ്വാധീനിച്ചിട്ടുണ്ട്.’’
എന്താണ് തടവ്?
രണ്ട് വിവാഹമോചനങ്ങളിലൂടെ കടന്നുപോയ ഗീത എന്ന സ്ത്രീയാണ് തടവിലെ പ്രധാന കഥാപാത്രം. ജോലിയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഗീത ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നു . ജയിൽ വാസികൾക്ക് സൗജന്യമായി ചികിത്സ കിട്ടുമെന്ന് അറിയുന്നതോടെ ജയിലിനുള്ളിൽ എത്തിപ്പെടാനുള്ള ഗീതയുടെ ശ്രമങ്ങളാണ് സിനിമ.
പട്ടാമ്പിയിലെ സിനിമാക്കാര്‍
നാട്ടിൻപുറത്തുള്ള, ചുറ്റുപാടുമുള്ള ആളുകളെ വച്ച് പട്ടാമ്പിയുടെ ഭൂമികയിലാണ് ഫാസിൽ ഇതുവരെയും കഥകൾ പറഞ്ഞത്. അതിരിലും പിറയിലും തടവിലും ഒരേ ആൾക്കാർ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. അതിരിലും പിറയിലും സമുദായത്തിനകത്തും വീടിനുള്ളിലുമായി സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോൾ തടവിൽ സമൂഹത്തിനുള്ളിലും വീടിനുള്ളിലും അമ്മ എന്ന നിലയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളും അവരുടെ ആന്തരിക സംഘർഷങ്ങളെയും കൂടി ഫാസിൽ ചിത്രീകരിച്ചിരിക്കുന്നു.
സ്ക്രീനിലെ ചോക്ക് പൊടി
ഗീതയെ അവതരിപ്പിച്ച ബീന ആർ.ചന്ദ്രൻ അധ്യാപികയാണ്. ഇതിന് മുമ്പ് സംസ്ഥാന പുരസ്കാര ജേതാവായ സുദേവൻ പെരിങ്ങോടിന്റെ തട്ടുംപുറത്തപ്പൻ, ക്രൈം നമ്പർ 89 എന്നീ സിനിമകളിലും ബീന അഭിനയിച്ചിട്ടുണ്ട്. എം.പി. ശശിയുടെ അനുഭവങ്ങൾ എന്ന നാടകത്തിലും പിന്നീട് സിനിമയായി വന്ന അടയാളങ്ങളിലും ബീന ടീച്ചർ അഭിനയിച്ചിട്ടുണ്ട്. തൃശൂർ പാലക്കാട് കേന്ദ്രീകരിച്ചു നിരവധി നാടക വേദികളിലും ടീച്ചർ ഭാഗമാണ്. പൊന്നാനി നാടകവേദി തൃശ്ശൂർ നാടക സൗഹൃദം, വട്ടംകുളം അമ്പിളി കലാസമിതി എന്നിവിടങ്ങളിലെ സജീവനാടക പ്രവർത്തകയാണ് ബീന. ജോലി ചെയ്യുന്ന സിഇ യുപി സ്കൂൾ പരുതൂരിലെ കുട്ടികൾക്ക് കലോത്സവങ്ങളിൽ നാടക പരിശീലനവും ബീനയുടെ നേതൃത്വത്തിൽ നൽകുന്നു. ഒപ്പം മറ്റ് സ്കൂളുകളിൽ ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്.
തടവിന്റെ അനുഭവത്തെ പറ്റി ബീന പറയുന്നതിങ്ങനെ
‘‘പ്രധാന കഥാപാത്രമാണ് എന്ന് അറിഞ്ഞപ്പോൾ ആദ്യം ചെറിയ പേടിയൊക്കെ തോന്നി. എന്നാലും സിനിമ വിജയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ് എന്ന് എനിക്ക് തോന്നിയിരുന്നു. മുൻപു ചെയ്ത രണ്ട് ഷോർട്ട് ഫിലിമുകളിലും മുസ്‌ലിം കഥാപാത്രമായിട്ടായിരുന്നു. അതിൽ രണ്ടിലും സ്ലാങ് ഒക്കെ നന്നായിട്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. എനിക്കിഷ്ടമാണ് അത്തരം കഥാപാത്രങ്ങൾ. ഇവരെല്ലാം നല്ല രസമാണ്. സെറ്റിൽ വന്നു കഴിഞ്ഞാൽ എല്ലാവരും കഷ്ടപ്പെട്ട് പണിയെടുക്കുന്നത് കാണാം. തനിയെ സിനിമയിൽ വളർന്നു വന്ന കുട്ടികളാണ്. എല്ലാദിവസവും കൃത്യസമയമൊക്കെ പാലിച്ചാണ് ജോലി ചെയ്യുന്നത്. ഷൂട്ടിങ്ങിന്റെ അവസാനം, പിരിയാൻ വയ്യ എന്നത് പോലെ ആയിരുന്നു. എല്ലാവരുമായും നല്ല അടുപ്പം. അവർക്കൊപ്പം വർക്ക് ചെയ്യുന്നത് മറ്റ് എവിടെ വർക്ക് ചെയ്യുന്നതിലും കംഫർട്ട് ആണ്. ആദ്യമായാണ് ചലച്ചിത്ര മേളയിൽ പോകുന്നത്. അത് ഇങ്ങനെ ആയതിൽ സന്തോഷമുണ്ട്.’’
ഒരേ വർഷം, രണ്ട് സിനിമകൾ
മികച്ച സംവിധായകൻ, മികച്ച സൗണ്ട് ഡിസൈനിങ്, മികച്ച അഭിനേതാവ്, മികച്ച അഭിനേത്രി എന്നിങ്ങനെ നിരവധി അവാർഡുകൾ ആണ് പതിമൂന്നാമത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ അതിലും പിറയും നേടിയത്. കൂടാതെ 60 ഓളം അവാർഡുകൾ അതിരിന് ലഭിച്ചിട്ടുണ്ട്. ചെന്നൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി പിറ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒപ്പം കൊൽക്കത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലും പങ്കെടുത്തു.
അസ്ഗർ ഫർഹാദി ഫാൻ
അസ്‌ഗർ ഫർഹാദിയെയും റിമ ദാസിനെയും ഒക്കെ പിന്തുടരുന്ന ഫാസിൽ ചലച്ചിത്ര ഭാഷയിൽ ലോക സിനിമകളുടെ ഭാഷ തന്നെയാണ് പിന്തുടരുന്നത്. ‘വില്ലേജ് റോക്സ്റ്റാർസ്’ പ്രിയപ്പെട്ട ചിത്രമാണ്. തടവിന്റെ ട്രീറ്റ്മെന്റിലെ ഒരു റഫറൻസ് ആയി അതിനെ പറയാം. നെറ്റ്ഫ്ലിക്സ് ചിത്രമായ ‘സർ, ഈസ് ദിസ് ലവ് ഇനഫ്’ എന്ന ചിത്രമാണ് കളറിങ്ങിൽ റഫറൻസ് ആയി വെച്ചത്. ചെല്ലോ ഷോയുടെ സൗണ്ട് റെക്കോർഡിസ്റ്റ് ആയ ഹരികുമാർ മാധവൻ ആണ് തടവിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പിന്തുണ വളരെ നിർണായകമായിരുന്നു.’’ ഫാസിൽ പറയുന്നു.
ജിയോ മാമിയിലെ അനുഭവം
ഐഎഫ്എഫ്കെ ക്കു പുറമേ ജിയോ മാമിയിൽ മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം കൂടിയാണ് തടവ്. അവിടെയും സിലക്‌ഷൻ ജൂറിയുടെ പ്രശംസ എറ്റുവാങ്ങിയിരുന്നു ചിത്രം. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടീച്ചർ മാമിയിലും കാണികളുടെ മനസ്സുകീഴടക്കി.
സ്കൂൾ പൂട്ടുമ്പോൾ ക്യാമറ ഓണാവും
സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് ഫാസിൽ പറയുന്നതിങ്ങനെ, ‘‘ഒരു മാസത്തോളം റിഹേഴ്സൽ ചെയ്തിട്ടാണ് സിനിമ ചിത്രീകരണം ആരംഭിച്ചത് സിനിമയുമായി മുൻപരിചയം ഇല്ലാതിരുന്നതുകൊണ്ട് എല്ലാവരും കൂടുതൽ കംഫർട്ട് ആവാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ടീച്ചറിന് സ്കൂൾ ഉള്ളതിനാൽ വെക്കേഷൻ സമയത്താണ് സിനിമയുടെ ഷൂട്ടിങ്ങും റിഹേഴ്സലും നടന്നത്. ഒരു മാസത്തെ റിഹേഴ്സലും നാടക പശ്ചാത്തലവും മുൻപ് ഇതേ ടീമിന്റെ കൂടെ അഭിനയിച്ച രണ്ട് ഹ്രസ്വ ചലച്ചിത്രങ്ങളും നൽകിയ അനുഭവത്തിൽ നിന്നും ബീന ടീച്ചർ സിനിമയുമായി ഏറെ പൊരുത്തപ്പെട്ടിരുന്നു.’’
ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ച മൃദുലിനും ഇതേ അഭിപ്രായമാണ്, ‘‘ടീച്ചർ ക്യാമറയുടെ മുന്നിൽ വരുമ്പോൾ അറിയാതെ തന്നെ ലൈറ്റും ഫ്രെയിമും എല്ലാം ടീച്ചറിനെ ഫോക്കസ് ആവും. അത് ടീച്ചറുടെ പെർഫോമൻസിന്റെ മികവു കൊണ്ടാണ് എന്ന് തോന്നുന്നു.’’
ടീം വർക്കിന്റെ വിജയം
ടീം വർക്കിലൂടെയാണ് കൾട്ട് കമ്പനിയുടെ സിനിമ മോഹങ്ങൾ മുന്നേറുന്നത് എന്ന് അമൃത പറയുന്നു. ‘‘ഒരു സിനിമയുമായി ഫെസ്റ്റിവലുകളിൽ പോവും. പിന്നെ അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത സിനിമയിലേക്ക് എത്തുന്നത്. കോളജിൽ പഠിക്കുമ്പോൾ എല്ലാ ഷോർട്ട് ഫിലിം കോംപറ്റീഷനും പോവുകയും അതിലേക്കുള്ള റജിസ്ട്രേഷൻ ഫീസിന് മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്തിരുന്നു. ഒരുപാട് പേർ കൂടെ നിന്നിട്ടുണ്ട്.’’
ആദ്യ കാലങ്ങളിൽ ലാപ്ടോപ്പ് കടം വാങ്ങിയാണ് ഇവർ സിനിമ ചെയ്തിരുന്നത്. “ആദ്യമൊന്നും സ്വന്തമായി ഒരു ലാപ്ടോപ്പ് ഇല്ലായിരുന്നു. അതിരുമായി പോയി കിട്ടിയ വരുമാനത്തിൽ നിന്ന് ഒരു ലാപ്ടോപ്പ് വാങ്ങുകയും പിന്നീട് അതിൽ സിനിമ ചെയ്തു പഠിക്കുകയും ചെയ്തു. കുറച്ചു ദിവസം വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും ഒരു ഐഡിയ ഉണ്ടാക്കി വീഡിയോകൾ എടുത്തു വയ്ക്കും. അത് സിനിമ ആയി മാറും. ലാപ്ടോപ്പിൽ ഇനിയും നിരവധി വിഡിയോകളും ഷോർട്ട് ഫിലിമുകളും ആരും കാണാതെ ബാക്കിയുണ്ട്.’’-മൃദുൽ പറയുന്നു.
എല്ലാവരും ചെറിയ ചെറിയ സിനിമകൾ ചെയ്യുകയും അതിൽ നിന്നും കിട്ടുന്ന പ്രതിഫലം എല്ലാവരുടെയും സിനിമ സ്വപ്നങ്ങൾക്കായി മാറുകയും ചെയ്യുന്നു. അമൃത കരിക്കിന്റെ “ജബ്ലാ”യിലും “ക്രൈം ഫയൽസ്” എന്ന സീരിസിലും അഭിനയിച്ചിട്ടുണ്ട്. മൃദുൽ ഛായാഗ്രഹണ മേഖലയിലാണ്. ഇവരുടെതായി കനം എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം പുറത്തിറങ്ങിയിരുന്നു. ഫാസിൽ എഡിറ്റ് ചെയ്ത് മൃദുൽ ഛായാഗ്രഹണം നിർവഹിച്ച “അൽവിദ” എന്ന ചലച്ചിത്രം നിലവിൽ കൊൽക്കത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പ്രിയപ്പെട്ട സംവിധായകർ, സിനിമകൾ
മലയാളത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, രാജീവ് രവി ഒക്കെയാണ് ഇവരുടെ പ്രിയപ്പെട്ടവർ. ‘‘ഡാർക്ക് എന്നോ ഹ്യൂമർ എന്നോ വ്യത്യാസമൊന്നുമില്ല. ഛോട്ടാ മുംബൈ വളരെ ഇഷ്ടമാണ്. അത്തരമൊരു വിഷയം വളരെ ഹ്യൂമറസായി അവതരിപ്പിച്ചതാണ് സിനിമയിൽ രസമായി തോന്നിയത്.’’–ഫാസിൽ പറയുന്നു.
ഇനി കമേഴ്സ്യൽ ആയതും കലാമൂല്യമുള്ളതുമായ സിനിമ തന്നെയാണ് ലക്ഷ്യം. അതിനായുള്ള ഒരുക്കത്തിലാണ് കൾട്ട് കമ്പനി. ഒപ്പം മറ്റൊരു കഥ കൂടി സമാന്തരമായി ആലോചിക്കുന്നുണ്ട്. മാറുന്ന മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിൽ എത്തിക്കാൻ കൾട്ട് കമ്പനിയിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ ശ്രമിച്ചേക്കും എന്ന് പറയാതെ വയ്യ. അത്രത്തോളം ഉണ്ട് സിനിമയോടുള്ള അവരുടെ ആവേശം.
Source link