ഇന്ത്യ അന്വേഷണസമിതി രൂപീകരിച്ചതിനെ സ്വാഗതം ചെയ്ത് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: സിക്ക് വിഘടനവാദിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഇന്ത്യൻ പൗരന് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യ ഉന്നതതല സമിതി രൂപീകരിച്ചതിനെ സ്വാഗതം ചെയ്ത് അമേരിക്ക. ഇന്ത്യയുടേത് ഉചിതമായ, നല്ല തീരുമാനമാണെന്നു സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശേഷിപ്പിച്ചു. സിക്ക് വിഘടനവാദിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് ഇന്ത്യൻ പൗരനെ അമേരിക്ക കുറ്റപ്പെടുത്തുന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതിന് ഇന്ത്യയെ പ്രശംസിക്കുന്നു. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ യുഎസ് സന്ദർശനത്തിനു ശേഷമാണ് അമേരിക്ക ഈ ഗൂഢാലോചന കണ്ടെത്തിയത്. സംഭവം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കില്ല -ബ്ലിങ്കൻ പറഞ്ഞു.
ഖലിസ്ഥാൻ വിഘടനവാദി ഗുർപട്വന്ത് സിംഗ് പന്നുനെ അമേരിക്കയിൽവച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ പിടിയിലായ ഇന്ത്യൻ വംശജനെതിരേ യുഎസ് ഫെഡറൽ കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗുജറാത്ത് സ്വദേശിയും 52കാരനുമായ നിഖിൽ ഗുപ്തയ്ക്കെതിരേ ഗുരുതര വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന അമേരിക്ക ഗൗരവമായിട്ടാണു കാണുന്നതെന്നു നാഷണൽ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കോ-ഓർഡിനേറ്റർ ജോണ്‍ കിർബി വ്യക്തമാക്കി.
Source link