ജി20 അധ്യക്ഷപദവി: വികസനത്തിന് ഇന്ത്യ മാനുഷികമുഖം നൽകിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി ∙ ജിഡിപി കേന്ദ്രീകൃതമായ വികസനത്തിന് മാനുഷിക മുഖം നൽകാൻ ജി20 അധ്യക്ഷപദം ഏറ്റെടുത്ത ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യ ജി20 അധ്യക്ഷപദവി ഒഴിയുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘വസുധൈവ കുടുംബകം’ എന്ന ആശയത്തിലൂന്നിയായിരുന്നു ഇന്ത്യ സംഘടനയെ നയിച്ചത്. മനുഷ്യരാശി കടുത്ത വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിലാണ് ഈ പദവി ഇന്ത്യയ്ക്ക് ലഭിച്ചത്. കോവിഡ് മഹാമാരിയിൽ നിന്ന് വിമുക്തമായെങ്കിലും കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക അസ്ഥിരതയും ലോകത്തിന് വെല്ലുവിളിയായി തുടരുകയായിരുന്നു. വികസ്വര രാജ്യങ്ങൾ കടക്കെണി അടക്കമുള്ള പ്രതിസന്ധികൾ നേരിടുകയായിരുന്നു. ഈ സന്ദർഭത്തിലാണ് സാമ്പത്തിക വളർച്ചയിൽ മാത്രം അധിഷ്ഠിതമായ പുരോഗതിക്കു ബദൽ നിർദേശിക്കാൻ ഇന്ത്യയ്ക്കു സാധിച്ചത്.
മനുഷ്യരാശിയെ വിഭജിച്ചു നിർത്തുന്ന ഘടകങ്ങളല്ല, ഒന്നിപ്പിക്കുന്ന കാര്യങ്ങളാണ് പ്രധാനമെന്ന് ഇന്ത്യ ലോകത്തെ ഓർമിപ്പിച്ചു. ഏതാനും രാഷ്ട്രങ്ങളുടെ താൽപര്യങ്ങളല്ല, ഭൂരിപക്ഷം രാജ്യങ്ങളുടെ അഭിലാഷങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളൽ, വളർച്ച, പ്രവർത്തന ക്ഷമത, നിശ്ചയദാർഢ്യം എന്നീ 4 കാര്യങ്ങളിലൂന്നിയാണ് ജി20യെ ഇന്ത്യ നയിച്ചത്. ഇക്കാര്യം ഉൾപ്പെടുത്തിയുള്ള ന്യൂഡൽഹി പ്രഖ്യാപനം എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചുവെന്നത് നമ്മുടെ പ്രതിബദ്ധതയ്ക്കു ലഭിച്ച അംഗീകാരമാണ്. ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നൽകുക വഴി 55 രാജ്യങ്ങളെ ഉൾപ്പെടുത്തിയത് എല്ലാവരെയും ഉൾക്കൊള്ളുക എന്ന സമീപനത്തിന്റെ ഉദാഹരണമാണ്. ഇതോടെ സംഘടനയിൽ ലോകത്തെ 80% ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തി. ലിംഗസമത്വം ഡൽഹി പ്രഖ്യാപനത്തിന്റെ മുഖ്യഭാഗമാണ്.
രാജ്യാന്തര തലത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളും അവ സാമ്പത്തിക വളർച്ചയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ജി20 അധ്യക്ഷ പദവിയിലിരിക്കെ ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദത്തെയും നിരപരാധികളെ കൊന്നൊടുക്കുന്നതിനെയും തരിമ്പുപോലും അംഗീകരിക്കാനാവില്ല. യുദ്ധത്തിന്റെ കാലഘട്ടമല്ല ഇതെന്ന് ഇന്ത്യ ആവർത്തിച്ചു ചൂണ്ടിക്കാട്ടി.
മനുഷ്യനും ഭൂമിക്കും സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഇന്ത്യ നടത്തിയ ചുവടുവയ്പുകൾ വരുംകാലത്ത് മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതീക്ഷയോടെയും സന്തോഷത്തോടെയും ആണ് അധ്യക്ഷപദവി ബ്രസീലിനു കൈമാറുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
English Summary:
PM’s note on India’s G20 Chairmanship: India’s G20 Presidency and the Dawn of a New Multilateralism
Source link