മിന്നുന്ന തുടക്കമിട്ട് മിന്നു മണി
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്റെ നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നു മണി. ട്വന്റി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എ ടീമിനെ മൂന്നു റണ്‍സിന് ഇന്ത്യൻ എ ടീം തോൽപ്പിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രേയങ്ക പാട്ടീൽ എറിഞ്ഞ അവസാന ഓവറിൽ 13 റണ്‍സാണു വേണ്ടിയിരുന്നത്. വൈഡായ ആദ്യ പന്ത് ഫോറായി. താളം പിടിച്ചെടുത്ത പാട്ടീൽ അടുത്ത നാലു പന്തുകളിൽ ഓരോ റണ്‍ വീതം വഴങ്ങി. അഞ്ചാം പന്തിൽ റയാന മാക്ഡൊണാഡിനെ മിന്നു മണി പിടിച്ചു. ഇതോടെ ജയിക്കാൻ അവസാന പന്തിൽ നാല് എന്ന നിലയിലായി. എന്നാൽ, അവസാന പന്തിൽ ഇംഗ്ലീഷ് ബാറ്റർ ലോറൻ ഫിലർ റണ്ണൗട്ടാകുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർ ദിനേശ് വൃന്ദ (22), ദിഷ കസത് (25) ജ്ഞാനാനന്ദ ദിവ്യ (22) എന്നിവർ തിളങ്ങി.
മറുപടി ബാറ്റിംഗിൽ 40 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് നാലാം വിക്കറ്റിൽ ഹോളി ആർമിറ്റേജും സെറിൻ സ്മെയിലും ചേർന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യ വിജയം കൈവിടുമെന്നിരിക്കേയാണു മിന്നു മണി ഹോളി ആർമിറ്റേജിനെ (41 പന്തിൽ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. 17-ാം ഓവറിലെ ഈ പുറത്താകൽ മത്സരത്തിൽ വഴിത്തിരിവായി. തൊട്ടടുത്ത ഓവറിൽ സെറിൻ സ്മെയിലിന്റെ (32 പന്തിൽ നിന്ന് 31) വിക്കറ്റ് കശ്വീ ഗൗതം തെറിപ്പിക്കുകയും ചെയ്തു. തുടർന്ന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതാണ് ഇംഗ്ലണ്ടിന് വിനയായത്. കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. മിന്നു മണി, മന്നത്ത് കശ്യപ്, പ്രകാശിക നായിക് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Source link