INDIALATEST NEWS

തുരങ്കത്തിനറ്റത്ത് വെളിച്ചം


ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ 17 ദിവസത്തിന്റെ നാൾവഴി ഇങ്ങനെ:
∙ നവംബർ 12  നിർമാണത്തിലിരിക്കുന്ന സിൽക്യാര–ബർകോട്ട് തുരങ്കത്തിൽ ദീപാവലി നാൾ പുലർച്ചെ 5.30ന് തൊഴിലാളികൾ കുടുങ്ങുന്നു. രക്ഷാപ്രവർത്തനം ആരംഭിക്കുന്നു. തൊഴിലാളികൾക്കു കുഴലിലൂടെ ഓക്സിജനും ഭക്ഷണസാധനങ്ങളും എത്തിച്ചു. 
∙ 13  രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിയുന്നു. 30 മീറ്റർ ചുറ്റളവിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ 60 മീറ്ററിലേക്കു വ്യാപിക്കുന്നു.

∙ 14 തുരങ്കത്തിനുള്ളിലേക്കു കടത്തിവിടാൻ 80–90 സെന്റിമീറ്റർ വ്യാസമുള്ള ഇരുമ്പു കുഴലുകൾ എത്തിക്കുന്നു. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഇവ കയറ്റുന്നതിനിടയിൽ വീണ്ടും മണ്ണിടിച്ചിൽ.
∙ 16  ഡൽഹിയിൽനിന്നു വിമാനമാർഗമെത്തിച്ച അത്യാധുനിക ഓഗർ ഡ്രില്ലിങ് മെഷീൻ പ്രവർത്തിച്ചുതുടങ്ങുന്നു.
∙ 17  57 മീറ്റർ നീളമുള്ള അവശിഷ്ടങ്ങളിലൂടെ 24 മീറ്ററോളം തുരന്ന് 4 ഇരുമ്പുകുഴലുകൾ കൂട്ടിച്ചേർക്കുന്നു. അഞ്ചാമത്തെ കുഴൽ ഘടിപ്പിക്കുമ്പോൾ പാറയിലിടിച്ചു തടസ്സം. ഇൻഡോറി‍ൽനിന്നു മറ്റൊരു യന്ത്രം എത്തിച്ച് അഞ്ചാമത്തെ കുഴൽ ഘടിപ്പിക്കുന്നു.

∙ 18  യന്ത്രത്തിന്റെ പ്രകമ്പനത്തിൽ കൂടുതൽ മണ്ണിടിയുമെന്ന ആശങ്ക കാരണം രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുന്നു. ഒരേസമയം നടപ്പാക്കാവുന്ന അഞ്ചു ബദൽ മാർഗങ്ങൾ ചർച്ചയിൽ.
∙ 19  മലയുടെ മുകളിൽനിന്നു ലംബമായി കുഴിച്ച് തൊഴിലാളികൾക്കരികിലെത്തുന്നതാണ് ഉചിതമെന്ന് അവലോകനയോഗത്തിൽ തീരുമാനിക്കുന്നു.
∙ 20   ആറിഞ്ച് കുഴലിലൂടെ ഭക്ഷണവും അവശ്യവസ്തുക്കളും തൊഴിലാളികൾക്കെത്തിക്കുന്നതിൽ വിജയിക്കുന്നു. എന്നാൽ  പാറ നീക്കാൻ കഴിയാത്തതിനാൽ രക്ഷാപ്രവർത്തനം തുടരാനാവുന്നില്ല.

∙ 21  തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ വിഡിയോ രക്ഷാപ്രവർത്തകർ പുറത്തുവിട്ടു. തുരങ്കത്തിന്റെ അങ്ങേയറ്റമായ ബർകോട്ടിൽ സ്ഫോടനം നടത്തി സമാന്തരമായി മറ്റൊരു തുരങ്കം സൃഷ്ടിക്കാൻ ശ്രമം തുടങ്ങി. എന്നാൽ, ഇതിന് 40 ദിവസത്തോളം വേണ്ടിവരുമെന്ന് ആശങ്ക. രാത്രിയോടെ സിൽക്യാരയിൽനിന്നുള്ള രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നു.
∙ 22  80 സെന്റിമീറ്റർ വ്യാസമുള്ള ഇരുമ്പുകുഴലുകൾ തൊഴിലാളികൾക്ക് 12 മീറ്റർ അടുത്തുവരെ എത്തി. കുഴലുകൾ ഇരുമ്പുപാളികളിൽ തട്ടി പ്രവർത്തനം തടസ്സപ്പെടുന്നു.
∙ 23  ആറു മണിക്കൂറിനുശേഷം തടസ്സം നീക്കി രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നു. 1.8 മീറ്റർ  കൂടി തുരന്നെത്തിയതായി അധികൃതർ.

∙ 24  ഡ്രില്ലിങ് പുനരാരംഭിക്കുന്നു. ലോഹത്തിൽ ബ്ലേഡ് തട്ടി  വീണ്ടും രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നു.
∙ 25  ഓഗർ മെഷീന്റെ ബ്ലേഡ് അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. യന്ത്രസഹായമില്ലാതെ ശേഷിക്കുന്ന 12 മീറ്റർ തുരക്കാനും ഒപ്പം മലയുടെ മുകളിൽനിന്ന് കുത്തനെ താഴേക്ക് 86 മീറ്റർ യന്ത്രസഹായത്തോടെ കുഴിക്കാനും തീരുമാനം.
∙ 27  തുരങ്കത്തിലെ തടസ്സം നീക്കി തുരക്കാൻ റാറ്റ് മൈനേഴ്സിനെ വിളിച്ചുവരുത്തുന്നു. 

∙ 28  തടസ്സം നീക്കി തുരങ്കം തുറക്കുന്നതിൽ രാത്രി 7 മണിയോടെ  വിജയം കണ്ടെത്തുന്നു.  രക്ഷാപ്രവർത്തകർ കുഴലിലൂടെ നുഴഞ്ഞുകയറി തൊഴിലാളികൾക്കരികിലെത്തുന്നു. ചക്രക്കസേരയിൽ ഓരോരുത്തരെയായി പുറത്തെത്തിക്കുന്നു.
സിൽക്യാര തുരങ്കം എന്ത്? എന്തിന്?; ദൂരം കുറയ്ക്കും, യാത്രാക്ലേശവും
ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ‘ചാർധാം’ റോഡ് പദ്ധതിയുടെ ഭാഗം. ഹിമാലയൻ മലനിരകളിലൂടെ ഗംഗോത്രിയിൽനിന്നു യമുനോത്രിയിലേക്കുള്ള നിലവിലെ പാത അതീവ ദുഷ്കരമാണ്. ശൈത്യകാലത്തു പാത മഞ്ഞിൽ മുങ്ങും.

യാത്രാക്ലേശം പരിഹരിക്കാനും 25 കിലോമീറ്ററോളം ദൂരം കുറയ്ക്കാനും ലക്ഷ്യമിട്ടാണു സിൽക്യാരയെ ബർകോട്ടുമായി ബന്ധിപ്പിക്കുന്ന നാലര കിലോമീറ്റർ തുരങ്കം 2018ൽ നിർമാണം ആരംഭിച്ചത്. ഇരുവശങ്ങളിൽനിന്നുമായി തുരങ്ക നിർമാണം പുരോഗമിക്കുകയായിരുന്നു. അവ തമ്മിൽ ചേരാൻ 500 മീറ്റർ കൂടി ബാക്കിനിൽക്കെയാണ് അപകടമുണ്ടായത്.


Source link

Related Articles

Back to top button