‘അയാളുടെ ഭ്രാന്തൻ ചിരി ചെവിയിൽ മുഴങ്ങുന്നു’: നടി വനിതയ്ക്ക് പുലർച്ചെ അജ്ഞാതന്റെ ആക്രമണം, പരുക്ക്
ചെന്നൈ ∙ അജ്ഞാതന്റെ ആക്രമണത്തിൽ നടി വനിത വിജയകുമാറിനു പരുക്കേറ്റു. സമൂഹമാധ്യമത്തിലൂടെ വനിത തന്നെയാണ് ആക്രമണവിവരം പുറത്തുവിട്ടത്. പരുക്കേറ്റു നീരുവന്ന മുഖത്ത് മരുന്ന് പുരട്ടിയിരിക്കുന്ന ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.
തമിഴ് ബിഗ് ബോസ് ഷോയിലെ മുൻ മത്സരാർഥിയാണു വനിത. ഇപ്പോഴത്തെ ഷോയിൽ ഇവരുടെ മകൾ ജോവിക മത്സരിക്കുന്നുണ്ട്. നിലവിലെ ബിഗ് ബോസ് മത്സരാർഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഷോയില്‍നിന്ന് പ്രദീപ് ആന്റണി പുറത്താകാന്‍ കാരണം ജോവികയാണെന്നു പറഞ്ഞായിരുന്നു ആക്രമണമെന്നു വനിത ആരോപിച്ചു.
‘‘അതിദാരുണമായി എന്നെ ആക്രമിച്ചത് ആരാണെന്നു ദൈവത്തിനു മാത്രമറിയാം. ഏതോ പ്രദീപ് ആന്റണിയുടെ പിന്തുണക്കാരനാണത്. ബിഗ് ബോസ് തമിഴ്7 റിവ്യൂ ചെയ്ത് കഴിഞ്ഞ്, സഹോദരി സൗമ്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് അടുത്തേക്ക് നടക്കുകയായിരുന്നു. എവിടെ നിന്നോ ഒരാള്‍ വന്ന്, റെഡ് കാര്‍ഡ് കൊടുക്കുമല്ലേ എന്ന് പറഞ്ഞ് മുഖത്തിടിച്ച് ഓടിപ്പോയി. എനിക്ക് കഠിനമായി വേദനിച്ചു, മുഖത്തുനിന്ന് ചോരയൊലിച്ചു.
പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. ഞാന്‍ സഹോദരിയെ വിളിച്ചുവരുത്തി. സംഭവം പൊലീസിനെ അറിയിക്കാന്‍ സഹോദരി പറഞ്ഞതാണ്. പക്ഷേ അതില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു പോയി. എന്നെ ആക്രമിച്ചവനെ തിരിച്ചറിയാന്‍ കഴിയാത്തതിന്റെ ദേഷ്യമുണ്ട്. അയാള്‍ ഭ്രാന്തനെ പോലെ ചിരിക്കുന്നത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. സ്‌ക്രീനില്‍ വരാന്‍ പറ്റിയ അവസ്ഥയിലല്ല. ചെറിയ ഇടവേളയെടുക്കുന്നു’’– എക്സ് പ്ലാറ്റ്‌ഫോമിൽ വനിത കുറിച്ചു.
തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണു വനിത. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. വിവാദങ്ങളിൽ ഇടംപിടിക്കാറുള്ള താരം യുട്യൂബ് ചാനലിലും സജീവമാണ്.
English Summary:
BB Tamil’s Vanitha Vijaykumar attacked, blames Pradeep Antony’s supporter
Source link