ASTROLOGY

രോഗങ്ങളകറ്റുന്ന തരുണഗണപതി; കറുക മാല അർപ്പിച്ച് പ്രാർഥിക്കാം


ഹൈന്ദവ വിശ്വാസപ്രകാരം ശിവപാര്‍വതിമാരുടെ പുത്രനും ശിവഗണങ്ങളുടെ നായകനുമാണ് ഗണപതി. വിഘ്‌നങ്ങളകറ്റുന്ന ഗണപതി, വിഘ്‌നേശ്വരനാണ് വിശ്വാസം. അതിനാൽ തന്നെ ശുഭകരമായ ഏതൊരു കാര്യം ചെയ്യുന്നതിന് മുൻപും ഗണപതിയെ സ്തുതിക്കുന്നു. അറിവിന്റെ അധിഷ്ഠാന ദേവതയാണ് ഗണപതിയെന്നും പറയപ്പെടുന്നു. അതിനാൽ തന്നെ വിദ്യാരംഭം കുറിക്കും മുമ്പ് ‘ഹരിഃ ശ്രീഗണപതയേ നമഃ’ എഴുതുന്നു. എന്നാൽ വിഘ്നേശ്വരനായ ഗണപതിക്ക് ഒരു രൂപം മാത്രമല്ല ഉള്ളത്.
ഭക്തസംരക്ഷണത്തിനായി ഗണപതി ആവശ്യാനുസരണം വിവിധങ്ങളായ അവതാരങ്ങൾ എടുത്തിട്ടുണ്ട്. തന്റെ അവതാരങ്ങളെക്കുറിച്ച് ഗണപതിസഹോദരനായ സുബ്രഹ്മണ്യനോട്‌ വിശദീകരിക്കുന്ന ഭാഗം ഭാര്‍ഗപുരാണത്തില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഭാര്‍ഗപുരാണ പ്രകാരം വക്‌ത്രതുണ്ഡഗണപതി, ചിന്താമണിഗണപതി, ഗണപതി, ഗജാനനഗണപതി, വിഘ്‌രാജഗണപതി, മയൂരഗണപതി, ബാലചന്ദ്രഗണപതി, ധൂമകേതുഗണപതി, ശുദ്ധഗണപതി എന്നിങ്ങനെ 12 ഭാവത്തിലാണ്‌ ഗണപതിയുടെ അവതാരങ്ങളുള്ളത്. എന്നാല്‍ ശ്രീമഹാഗണപതിപുരാണത്തിലെ ധ്യാനശ്ലോകങ്ങളില്‍ 28 ഭാവങ്ങളെക്കുറിച്ചാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്‌.

ഇത്തരം അവതാരങ്ങളിൽ പ്രധാനമാണ് തരുണ ഗണപതി. രോഗശാന്തിക്കായാണ് തരുണ ഗണപതിയെ ആരാധിക്കുന്നത്. സാധാരണ കണ്ട വരുന്ന ഗണപതി രൂപങ്ങളിൽ നിന്നും വിഭിന്നമാണ്‌ തരുണഗണപതി. യുവത്വത്തിന്റെ ശരീരകാന്തി, ഉദയസൂര്യന്റെ നിറം, എട്ടുകൈകള്‍, കൈകളില്‍പാശം, അപൂപം, അങ്കുശം, നീലത്താമര, കരിമ്പ്‌, ജംബു, സ്വദന്തം, കതിര്‌, എന്നിവ വഹിച്ചിരിക്കുന്നു. ശരീരസൗഖ്യത്തിനും മാനസികമായ രോഗശാന്തിക്കുമായി തരുണഗണപതിയെ ആരാധിക്കുന്നു.

കുളികഴിഞ്ഞു ശുദ്ധിയോടെ, വിളക്ക് കത്തിച്ചു വച്ച്, കറുക മാല അർപ്പിച്ചുകൊണ്ട് തരുണ ഗണപതിയെ സ്തുതിക്കാം. തരുണഗണപതി പ്രീതിക്കും അഭീഷ്ട സിദ്ധിക്കുമായി താഴെ പറയുന്ന ധ്യാനശ്ലോകം ചൊല്ലാം. 21 തിങ്കളാഴ്ചകളിൽ ഇതാവർത്തിക്കുന്നത് ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

പാശാങ്കുശാപൂപകപിത്ഥജമ്പുസ്വദന്തശാലീക്ഷുമപിസ്വഹസ്തൈഃധത്തേ സദാ യസ്തരൂണാരുണാഭഃഹായാത്സ യൂഷ്മാംസ്തരുണോ ഗണേശ
അപ്പവും അടയും മോദകവുമാണ് ഗണപതിയുടെ ഇഷ്ടനൈവേദ്യങ്ങള്‍. ഗണപതി ക്ഷേത്രങ്ങളിൽ തരുണഗണപതിയെ ധ്യാനിച്ചുകൊണ്ട് ഈ വഴിപാടുകൾ നടത്താവുന്നതാണ്. ഇതിനു പുറമെ, ചെമ്പരത്തി, കറുകമാല, ചുവന്നപട്ട് എന്നിവ വിനായകന് സമർപ്പിക്കപ്പെടുന്നു. ഗണപതി ഹോമം നടത്തുന്നതും ശ്രേയസ്കരം ആണ്. ചിങ്ങത്തിലെ ശുക്ലപക്ഷ ചതുര്‍ഥിയിലാണ് ഗണപതിയുടെ ജന്മദിനം. വിനായക ചതുര്‍ഥിയെന്നറിയപ്പെടുന്ന ആ നാളില്‍ ഗണപതി ഹോമമുള്‍പ്പെടെയുള്ള പൂജകൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്ന് കരുതപ്പെടുന്നു.


Source link

Related Articles

Back to top button