LATEST NEWS

കുഴഞ്ഞുവീണ ഭാസുരാംഗന് ജയിലിൽ വച്ചുണ്ടായത് ഹൃദയാഘാതമെന്ന് ഡോക്ടർമാർ; ഐസിയുവിൽ തുടരുന്നു

കൊച്ചി∙ കണ്ടല ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ സിപിഐ മുന്‍ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ എൻ.ഭാസുരാംഗന് ജയിലിൽ വച്ചുണ്ടായത് ഹൃദയാഘാതമെന്ന് ഡോക്ടർമാർ. നെഞ്ചുവേദനയെ തുടർന്ന് ഭാസുരാംഗനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നിലവിൽ ഐസിയുവില്‍ കഴിയുന്ന ഭാസുരാംഗന്‍ കഴിഞ്ഞദിവസം രാത്രി കുഴഞ്ഞുവീണു. ഹൃദ്രോഗത്തിനുള്ള ചികിത്സ തുടരുന്നതിനിടെയാണ് ഇ.ഡി ഭാസുരാംഗനെ അറസ്റ്റ് ചെയ്തത്. ശസ്ത്രക്രിയ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ ഡോക്ടര്‍മാര്‍, രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുള്ള മരുന്ന് നല്‍കുന്നുണ്ട്. ഭാസുരാംഗന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ കഴിഞ്ഞ ദിവസം അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

ഭാസുരാംഗന് ശാരീരിക അവശതകളുണ്ടെങ്കിൽ ചികിത്സ ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് എറണാകുളം ജയിലിൽ ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു.

101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായിരുന്നു ഭാസുരാംഗനെ ചൊവ്വാഴ്ചയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.  അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

English Summary:
N Bhasurangan suffered heart attack in jail


Source link

Related Articles

Back to top button