കാര്യവട്ടത്ത് ഇന്ത്യക്കു ജയം
തോമസ് വർഗീസ് തിരുവനന്തപുരം: മഴ മാറി നിന്ന കാര്യവട്ടത്ത് ടീം ഇന്ത്യ റണ്‍മഴയിൽ ഓസ്ട്രേലയയ്ക്കു തോൽവി. ഓസ്ട്രേലിയയെ 44 റണ്‍സിനു തോൽപ്പിച്ച് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് പരന്പരയിൽ 2-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 235/4 (20). ഓസ്ട്രേലിയ 191/9 (20) ടോസ് നേടിയ ഓസീസ് നായകൻ മാത്യു വേഡ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയി എന്ന വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യൻ ഓപ്പണർമാരുടെ പ്രകടനം. ബാറ്റിംഗ് കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ് ഇന്ത്യ കാര്യവട്ടം സ്റ്റേഡിയത്തിൽ കണ്ടെത്തിയത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (58), യശ്വസി ജയ്സ്വാളും (53), പിന്നാലെയെത്തിയ ഇഷാൻ കിഷനും (52) അർധസെഞ്ചുറിയുമായി മിന്നും പ്രകടനം നടത്തിയപ്പോൾ ഒൻപതു പന്തിൽ 31 റണ്‍സ് നേടിയ റിങ്കു സിംഗും പത്ത് പന്തിൽ 19 റണ്‍സുമായി ക്യാപ്റ്റൻ സൂര്യകുമാറും ഇന്ത്യയെ വൻ സ്കോറിലെത്തിച്ചു. നാല് ഓവറിൽ ഇന്ത്യ 50 കടന്നു. നഥാൻ ഇല്ലിസ് എറിഞ്ഞ ആറാം ഓവറിൽ തുടർച്ചയായ മൂന്നു ബൗണ്ടറികൾ നേടിയ ജയ്സ്വാൾ ഈ ഓവറിൽ അർധ സെഞ്ചുറിയും തികച്ചു. 24 പന്തിൽ രണ്ടു സിക്സറും ഒൻപതു ബൗണ്ടറിയും ഉൾപ്പെടെയായിരുന്നു അർധ സെഞ്ചുറി. ഇതേ ഓവറിലെ അവസാന പന്തിൽ ആദം സാംപ പിടിച്ച് ജയ്സ്വാൾ പുറത്തായി. 77 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണർമാർ സ്ഥാപിച്ചത്.
തുടർന്നെത്തിയ ഇഷാൻ കിഷൻ മെല്ലെ ബാറ്റിംഗ് താളം കണ്ടെത്തി. 9.4 -ാം ഓവറിൽ ഇന്ത്യൻ സ്കോർ നൂറിലെത്തി. 10 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യൻ സ്കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 101 എന്ന നിലയിൽ. 14.4-ാം ഓവറിൽ ഇഷാൻ കിഷൻ അർധസെഞ്ചുറി നേടി. തൻവീർ സംഗയുടെ പന്ത് സിക്സർ പറത്തിയാണ് ഇഷാൻ 50 കടന്നത്. 29 പന്തിലായിരുന്നു ഈ നേട്ടം. വൈകാതെ തന്നെ കിഷൻ പുറത്തായി. കിഷൻ-ഗെയ്ക്വാദ് കൂട്ടുകെട്ടിൽ 87 റണ്‍സാണ് പിറന്നത്. ഗെയ്ക്വാദ് 17.1 -ാം ഓവറിൽ അർധസെഞ്ചുറി നേടി. സൂര്യകുമാർ യാദവിന് കൂടുതൽ നേരം ക്രീസിൽ നിൽക്കാനായില്ല. ഗെയ്ക് വാദും റിങ്കു സിംഗും 10 പന്തിൽ 32 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ നാലു വിക്കറ്റിന് 58 എന്ന നിലയിൽനിന്ന ഓസീസിനെ സ്റ്റോയിനിസ്-ടി ഡേവിഡ് സഖ്യം കൂറ്റൻ അടികളുമായി ഞെട്ടിച്ചു. 38 പന്തിൽ 81 റണ്‍സ് നേടിയ ഈ സഖ്യത്തെ ടിം ഡേവിഡിനെ (37) പുറത്താക്കി രവി ബിഷ്ണോയ് ഇന്ത്യക്ക് ആശ്വാസം നൽകി. അടുത്ത ഓവറിൽ സ്റ്റോയിനിസും (45) പുറത്തായതോടെ ഓസ്ട്രേലിയയുടെ വിക്കറ്റ് വീഴ്ചകൾ പെട്ടെന്നായി. അവസാനം ക്യാപ്റ്റൻ വേഡിന്റെ (42*) ഒറ്റയാൾ പ്രകടനം നടത്തിയെങ്കിലും വിജയലക്ഷ്യം അകലെയായിരുന്നു. പ്രസിദ്ധ് കൃഷ്ണ, ബിഷ്ണോയി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Source link