LATEST NEWS

അടുത്തത് മുങ്ങിക്കപ്പലാണോ?; തേജസിൽ പറന്ന പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

ചെന്നൈ ∙ കള്ളപ്പണം വെളുപ്പിച്ചതിന് തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറിക്കെതിരായ കേസിൽ ഇ.ഡി നോട്ടിസ് അയച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച് നടൻ പ്രകാശ് രാജ്. തേജസ് യുദ്ധവിമാനത്തില്‍ ലഘുയാത്ര നടത്തിയ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇത്തവണ പ്രകാശ് രാജ് രംഗത്തുവന്നത്. എന്താണ് അടുത്തത്, മുങ്ങിക്കപ്പലാണോ? എന്ന ചോദ്യത്തോടൊപ്പമാണ് എക്സിൽ ചിത്രം പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റതോടെ ബിജെപിയുടെ പദ്ധതി പാളിയെന്നും പ്രകാശ് രാജ് പരിഹസിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് ജയിച്ചിരുന്നെങ്കിൽ മോദിയുടെ നേതൃത്വത്തിൽ ആഘോഷിക്കാൻ ബിജെപി പദ്ധതി തയാറാക്കിയിരുന്നുവെന്നു വിശദീകരിക്കുന്ന, കോൺഗ്രസ് അനുകൂല അക്കൗണ്ടിൽ വന്ന കുറിപ്പു പങ്കുവച്ചായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. ‘‘പ്രധാന നടന്റെ തിരക്കഥ പാടേ പാളിയിരിക്കുന്നു. ഇനിയും ഇതുപോലെ ഒരുപാടു കാര്യങ്ങൾ വരും’’ – കുറിപ്പ് പങ്കുവച്ച് പ്രകാശ് രാജ് എഴുതി. 

വിവാദ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായ നടനോട് അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇ.ഡി നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജ്വല്ലറിയിൽനിന്നു കണക്കിൽപെടാത്ത 23.7 ലക്ഷം രൂപയും 11.6 കിലോ സ്വർണവും ഇ.ഡി പിടിച്ചെടുത്തിരുന്നു. സ്വർണ നിക്ഷേപ പദ്ധതിയിലൂ‍ടെ 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതിന് ജ്വല്ലറിക്കെതിരെ തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നേരത്തേ കേസെടുത്തിരുന്നു. 

English Summary:
What’s Next? Actor Prakash Raj Taunts PM Modi Over Tejas Sortie Pics


Source link

Related Articles

Back to top button