LATEST NEWS

ഞായറാഴ്ചത്തെ നവകേരള സദസ്സിലെ കലാപരിപാടികൾ മാറ്റി; വിശദ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്∙ കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലാണ് രാത്രി മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്. ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ദുഃഖ സൂചകമായി ഒഴിവാക്കി. മന്ത്രിമാരായ പി.രാജീവും ആർ. ബിന്ദുവും കളമശ്ശേരിയിലേക്ക് തിരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ചികിത്സാകാര്യങ്ങൾ ഏകോപിപ്പിക്കും. നവകേരള സദസ്സിന്റെ ഭാഗമായി എല്ലാ മന്ത്രിമാരും നിലവിൽ കോഴിക്കോട് ജില്ലയിലാണുള്ളത്.
നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവകലാശാല ക്യാംപസിൽ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. മരിച്ച നാലു വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദ്ദേശം നൽകി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വ്യവസായ മന്ത്രി പി. രാജീവും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുസാറ്റ് ദുരന്തത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദുഃഖം രേഖപ്പെടുത്തി. കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ‘ധിഷണക്ഷ’ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർഥികൾ മരിച്ച സംഭവം ഏറ്റവും വേദനാജനകമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. അവരുടെ ഓരോരുത്തരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വേദനയിൽ പങ്കുചേരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഏറ്റവും മികച്ച വൈദ്യശുശ്രൂഷ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർക്ക് വൈസ് ചാൻസലർക്കും ജില്ലാ കലക്ടർക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിർദേശം നൽകി.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ കുറ്റാസ് ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ദുരന്തം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. 72ലധികം പേർക്ക് പരുക്കേറ്റു. ഇവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

English Summary:
Emergency Cabinet Meeting As part of CUSAT Tragedy


Source link

Related Articles

Back to top button