ഹാർദിക് മുംബൈയിലേക്ക് ?
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ തന്റെ പഴയ ക്ലബ്ബായ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയെ ഗുജറാത്തിന് കൈമാറ്റം ചെയ്ത് പാണ്ഡ്യയെ സ്വന്തമാക്കുമെന്നായിരുന്നു മുന്പ് വന്ന റിപ്പോർട്ടുകൾ. എന്നാൽ, അതൊഴിവാക്കി 15 കോടി രൂപയ്ക്കാണ് മുംബൈ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാനൊരുങ്ങുന്നത്. ട്രാൻസ്ഫർ ഫീസ് എത്രയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ശന്പളം കൂടാതെ ട്രാൻസ്ഫർ ഫീയുടെ 50 ശതമാനം ഹാർദിക്കിനു ലഭിക്കും. ഈ കൈമാറ്റം നടക്കുകയാണെങ്കിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരകൈമാറ്റമാകും ഇത്. രണ്ടു ഫ്രാഞ്ചൈസികളും ഈ ഇടപാടുകളെക്കുറിച്ച് ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. കൈമാറ്റത്തിനുള്ള തുക കണ്ടത്തേണ്ടതാണ് മുംബൈക്കുള്ള വെല്ലുവിളി. കഴിഞ്ഞ സീസണിലെ ലേലം കഴിഞ്ഞപ്പോൾ മുംബൈയുടെ പക്കൽ 50 ലക്ഷം രൂപയാണ് ശേഷിക്കുന്നത്. ഹാർദിക്കിനെ കൊണ്ടുവരാൻ മുംബൈക്ക് ടീമിലെ ഏതെങ്കിലും മുൻനിര താരത്തെ റിലീസ് ചെയ്യുകമാത്രമാണ് ഏക പോംവഴി. 2024 സീസണിലേക്കുള്ള കളിക്കാരെ നിലനിർത്തൽ നടപടി ഇന്ന് വൈകുന്നേരം നാലു മണിയോടെ അവസാനിക്കും.
2015ൽ മുംബൈ ഇന്ത്യൻസിലാണ് ഹാർദിക് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. 2021 വരെ മുംബൈയ്ക്കൊപ്പമായിരുന്നു. 2022ലെ ഐപിഎൽ മഹാലേലത്തിനു മുന്പ് താരത്തെ മുംബൈ ഒഴിവാക്കി. 2022ൽ ഹാർദിക്കിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ടൈറ്റൻസിന്റെ നായകനായുള്ള ആദ്യ സീസണിൽതന്നെ ടീമിനെ ചാന്പ്യന്മാരാക്കി. ആ ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ചും ഹാർദിക്കായിരുന്നു. 2023 സീസണിൽ ടീമിനെ രണ്ടാം തവണയും ഫൈനലിലെത്തിച്ചെങ്കിലും കിരീടം നേടാനായില്ല. രണ്ടു സീസണിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിൽ ഇടപാട് നടക്കുകയാണെങ്കിൽ, കൈമാറ്റം ചെയ്യപ്പെടുന്ന ഐപിഎല്ലിലെ മൂന്നാമത്തെ ക്യാപ്റ്റനായിരിക്കും ഹാർദിക് പാണ്ഡ്യ. നേരത്തെ, നായകസ്ഥാനത്തിരിക്കുന്പോൾ ആർ. അശ്വിൻ പഞ്ചാബ് കിംഗ്സിൽനിന്നും അജിങ്ക്യ രഹാനെ രാജസ്ഥാനിൽനിന്നും ഡൽഹി ക്യാപിറ്റൽസിലേക്ക് മാറിയിരുന്നു. ഹാർദിക് ഗുജറാത്ത് ടൈറ്റൻസിൽ മത്സരം: 31 ജയം: 22 തോൽവി: 09 റണ്സ്: 833 വിക്കറ്റ്: 11 2022: കിരീടം 2023: റണ്ണേഴ്സ് അപ്പ്
Source link