ഇന്ത്യ x ഓസ്ട്രേലിയ രണ്ടാം ട്വിന്റി-20 ക്രിക്കറ്റ് ഇന്ന് കാര്യവട്ടത്ത്
തോമസ് വർഗീസ് തിരുവനന്തപുരം: വിജയക്കുതിപ്പു തുടർന്ന് മേധാവിത്വം ഉറപ്പിക്കാൻ ഇന്ത്യയും വിശാഖപട്ടണത്തെ തോൽവിക്ക് മറുപടി നൽകാൻ ഓസ്ട്രേലിയയും ഇന്ന് കാര്യവട്ടം സ്റ്റേഡിയത്തിൽ ഇറങ്ങും. അഞ്ചു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വിന്റി-20 ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരം ഇന്ന് രാത്രി ഏഴിന് കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. വെള്ളിയാഴ്ച രാത്രി തലസ്ഥാനത്തെത്തിയ ഇരു ടീമുകളും വിശ്രമത്തിനു ശേഷം ഇന്നലെ പരിശീലനത്തിനിറങ്ങി. മാത്യു വേഡ് നയിക്കുന്ന ഓസീസ് സംഘം ഉച്ചയ്ക്ക് ഒന്നിനാണ് പരിശീലനത്തിനിറങ്ങിയത്. ബാറ്റിംഗ് പ്രാക്ടീസ് ആരംഭിച്ച ഉടൻതന്നെ മഴ പെയ്തതോടെ ടീമംഗങ്ങൾ പരിശീലനം വേഗം പൂർത്തിയാക്കി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വൈകുന്നേരം അഞ്ചു മുതൽ രാത്രി ഏഴുവരെ പരിശീലനം നടത്തി. സീനിയർ താരങ്ങൾക്ക് വിശ്രമം നല്കി പുതുമുഖ താരങ്ങളുമായാണ് ഇന്ത്യൻ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്. നായകൻ സൂര്യകുമാർ യാദവ്, വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ ലോകകപ്പ് താരങ്ങൾ. ട്വിന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ സന്ദർശകർ ഉയർത്തിയ 209 റണ്സ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറിൽ മറികടന്നിരുന്നു.
ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് കാര്യവട്ടത്തേതെന്നാണ് ക്യൂറേറ്റർമാരുടെ അഭിപ്രായം. സൂര്യകുമാറിന്റെയും ഇഷാൻ കിഷന്റെയും തകർപ്പൻ ബാറ്റിംഗിനായി കാത്തിരിക്കുകയാണ് ആരാധകർ. കർണാടകയിലെ മാണ്ഡ്യയിൽനിന്ന് എത്തിച്ച കളിമണ്ണ് ഉപയോഗിച്ചാണ് പിച്ച് നിർമിച്ചിട്ടുള്ളത്. കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും കേരളത്തിന്റെ സ്പിൻ മാന്ത്രികനുമായിരുന്ന അനന്തപത്മനാഭനാണ് മത്സരം നിയന്ത്രിക്കുന്ന അന്പയർമാരിൽ ഒരാൾ. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഉൾപ്പെടാത്തതിന്റെ നിരാശ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. വിട്ടൊഴിയാത്ത മഴഭീതി… മഴ കളി തടസപ്പെടുത്തുമോ എന്നചോദ്യമാണ് ക്രിക്കറ്റ് ആരാധകരിൽനിന്നും ഉയരുന്നത്. കാര്യവട്ടത്ത് അരങ്ങേറേണ്ടിയിരുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങളെല്ലാം മഴയിൽ ഒലിച്ചതാണ് ആശങ്കയിലാക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ഇന്ന് മഴയ്ക്കുള്ള സാധ്യത ഇല്ല. മഴ ഭീഷണിയും ലോകകപ്പിനു പിന്നാലെയുള്ള മത്സരവും മുൻനിര താരങ്ങളുടെ അഭാവവും ടിക്കറ്റ് വില്പനയെ പ്രതികൂലമായി ബാധിച്ചു. ആദ്യ ട്വിന്റി-20 മത്സരം കാണാനായി ഗാലറി നിറഞ്ഞു ക്രിക്കറ്റ് പ്രേമികൾ എത്തിയ സ്ഥാനത്ത് ആകെ ഇരിപ്പിടത്തിന്റെ പകുതി ടിക്കറ്റിന്റെ വില്പന പോലും പൂർത്തിയായിട്ടില്ലെന്നാണ് സൂചന.
Source link