സ്ത്രീവിരുദ്ധ പരാമർശത്തിൽ വൻ പ്രതിഷേധം; ഒടുവിൽ തൃഷയോട് മാപ്പു ചോദിച്ച് മൻസൂർ അലി ഖാൻ
ചെന്നൈ ∙ തെന്നിന്ത്യൻ ചലച്ചിത്ര നടി തൃഷയെക്കുറിച്ചു നടത്തിയ വിവാദ പരാമർശത്തിൽ ഖേദപ്രകടനവുമായി നടൻ മൻസൂർ അലി ഖാൻ. തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മൻസൂർ അലി ഖാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. സംഭവം വൻ വിവാദമാവുകയും തമിഴ് സിനിമാ ലോകം ഒന്നടങ്കം കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതിനു പിന്നാലെയാണ് മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലെ പരാമർശമാണ് വിവാദമായത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് നടൻ പറഞ്ഞു. മുൻ സിനിമകളിൽ പീഡന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അവസരം ലഭിക്കാറില്ലെന്നും കൂട്ടിച്ചേർത്തു. ഖുഷ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മോശം പരാമർശങ്ങൾ നടത്തി.
അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അതു സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നും പ്രതികരിച്ചു. ലിയോ സംവിധായകൻ ലോകേഷ് കനകരാജ്, നടിയും മന്ത്രിയുമായ റോജ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ, ഗായിക ചിന്മയി, നടി മാളവിക മോഹനൻ തുടങ്ങിയവർ പരാമർശത്തെ എതിർത്തു രംഗത്തെത്തി. വിഷയം വനിതാ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും നടപടി എടുക്കുമെന്നും ഖുഷ്ബു വ്യക്തമാക്കിയിരുന്നു.
മൻസൂർ പരസ്യമായി മാപ്പ് പറയണമെന്ന് താര സംഘടനയായ നടികർ സംഘം ആവശ്യപ്പെട്ടു. നടന്റെ അംഗത്വം സസ്പെൻഡ് ചെയ്യുന്നത് ആലോചിക്കുമെന്നും നടിമാർക്കു പൂർണ പിന്തുണ നൽകുമെന്നും പ്രസിഡന്റ് എം.നാസർ പറഞ്ഞു.
എന്നാൽ, താൻ തമാശയായി പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് വിവാദം സൃഷ്ടിച്ചതാണെന്നായിരുന്നു മൻസൂർ അലിഖാന്റെ നിലപാട്. മുൻ സിനിമകളിലേതുപോലെ ലിയോയിൽ നായികയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കാത്തതിന്റെ അതൃപ്തി തമാശയായി അവതരിപ്പിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
English Summary:
Controversial Actor Mansoor Ali Khan Issues A sSatement Apologizing To Trisha.
Source link