ഗാസയില്‍ ഇന്നു മുതല്‍ നാലുദിവസം വെടിനിര്‍ത്തല്‍; 13 ബന്ദികളെ ഹമാസ് മോചിപ്പിക്കും
ജറുസലേം: ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടലിനൊടുവില്‍ വെടിനിർത്തൽ. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിക്കുക.വെടിനിർത്തൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബ് വര്‍ഷിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തിൽ ബന്ദി കൈമാറ്റം നടക്കുക. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീനികളെയും വിട്ടുനൽകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു.
Source link