INDIALATEST NEWS

എംപിമാരുടെ പോർട്ടലിന് ‘പൂട്ടിട്ടു’; പിഎക്ക് ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാനാകില്ല

ന്യൂഡൽഹി∙ ലോക്സഭയിൽ എംപിമാർക്കു വേണ്ടി ചോദ്യങ്ങളും അപേക്ഷകളും മറ്റും അപ്‌ലോഡ് ചെയ്യാൻ എംപിമാരുടെ പിഎമാർക്കുണ്ടായിരുന്ന സൗകര്യം റദ്ദാക്കി. വ്യവസായി ഹീര നന്ദാനിയുടെ താൽപര്യ പ്രകാരം പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ സൻസദ് പോർട്ടൽ ലോഗിൻ ഐഡി ദുരുപയോഗം ചെയ്തുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രോട്ടോക്കോൾ. 
എംപിമാർക്കു വേണ്ടി പിഎമാരാണു ചോദ്യങ്ങളും മറ്റും അപ്‌ലോഡ് ചെയ്തിരുന്നത്. ചർച്ചകളിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ, സ്വകാര്യബില്ലുകൾ, ബില്ലുകളിലെ ഭേദഗതികൾ തുടങ്ങിയവയും പിഎമാർക്കു സൻസദ് പോർട്ടലിലെ ‘ഇ നോട്ടിസ്’ എന്ന ടാബ് വഴി ചെയ്യാമായിരുന്നു. ഇനി മുതൽ ഇവയുടെ കരട് പോർട്ടലിൽ സേവ് ചെയ്യാൻ മാത്രമേ പിഎമാർക്കു സാധിക്കൂ. എംപിയുടെ സ്വന്തം ലോഗിൻ ഉപയോഗിച്ച് വേണം ഇവ അപ്‌ലോഡ് ചെയ്യാൻ. 

പിഎമാരുടെ ലോഗിൻ അക്കൗണ്ട് തുടരുമെങ്കിലും സൗകര്യങ്ങൾ പരിമിതപ്പെടുത്തുകയാണു ചെയ്തത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലേക്ക് ചോദ്യങ്ങൾ അപ്‌ലോഡു ചെയ്യാൻ ശ്രമിച്ചപ്പോഴാണ് സൗകര്യം എടുത്തുകളഞ്ഞതായി പിഎമാർ അറിഞ്ഞത്. ഇതു സംബന്ധിച്ച ലോക്സഭാ ബുള്ളറ്റിൻ പിഎമാർക്കു ലഭ്യമാക്കിയിരുന്നില്ല. പരാതിപ്പെട്ടപ്പോൾ ലഭ്യമാക്കി. മറ്റു തിരക്കുകൾക്കിടയിൽ എംപിമാർക്ക് ചോദ്യം അപ്‌ലോഡ് ചെയ്യാൻ സമയം ലഭിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ 2 ഒടിപി ലഭിച്ചിരുന്നതിൽ ഒന്ന് പിഎയുടെ നമ്പറിലേക്കായിരുന്നു. ഇത് രണ്ടും ഇനി എംപിയുടെ നമ്പരിലേക്കായിരിക്കും വരിക. ഇതേസമയം, എംപിയുടെ ലോഗിനും ഒടിപി വരുന്ന ഫോൺനമ്പറും ഉപയോഗിച്ച് പിഎമാർക്ക് സൻസദ് പോർട്ടലിൽ കയറാമെന്നതിനാൽ ഇത്തരം നിയന്ത്രണം പ്രഹസനമാണെന്നും വാദമുണ്ട്. എംപിമാരുടെ സൻസദ് പോർട്ടലിൽ നൽകിയിരിക്കുന്ന മെയിൽ ഐഡിയിലേക്കും ഒടിപി വരുന്നുണ്ട്. ഇതും പിഎമാർക്ക് എടുക്കാം. 

English Summary:
Facility for PA’s to upload questions, petitions on behalf of MPs in the Lok Sabha has been cancelled


Source link

Related Articles

Back to top button