സ്റ്റാർഷിപ് രണ്ടാം പരീക്ഷണവും പരാജയം
ഹൂസ്റ്റൺ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കന്പനി ഗ്രഹാന്തര യാത്രകൾക്കായി വികസിപ്പിക്കുന്ന സ്റ്റാർഷിപ് റോക്കറ്റിന്റെ രണ്ടാം പരീക്ഷണവും പരാജയപ്പെട്ടു. യുഎസിലെ ടെക്സസിൽനിന്ന് ഇന്നലെ വിക്ഷേപിച്ച റോക്കറ്റിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു; രണ്ടാം ഭാഗവുമായുള്ള ബന്ധം നഷ്ടമായി. വിക്ഷേപണത്തിനു രണ്ടര മിനിട്ടിനുശേഷം റോക്കറ്റിലെ സൂപ്പർ ഹെവി ബൂസ്റ്റർ ഭാഗവും സ്റ്റാർഷിപ് പേടകവും വിജയകരമായി വേർപെട്ടു. എന്നാൽ, ബൂസ്റ്റർ ഭാഗം വൈകാതെ പൊട്ടിത്തെറിച്ചു. യാത്ര തുടർന്ന സ്റ്റാർഷിപ് പേടകത്തിൽനിന്നുള്ള സിഗ്നൽ എട്ടു മിനിട്ടിനുശേഷം നഷ്ടമായി. പേടകം ദിശതെറ്റി സഞ്ചരിച്ച സാഹചര്യത്തിൽ സ്വയം നശിപ്പിക്കാനുള്ള സംവിധാനം പ്രവർത്തിച്ചിരിക്കാമെന്നാണ് അനുമാനം.
അതേസമയം, റോക്കറ്റിനെ ബഹിരാകാശം വരെ എത്തിക്കാൻ കഴിഞ്ഞത് വിജയമായിട്ടാണ് സ്പേസ് എക്സ് കന്പനി കരുതുന്നത്. ഏപ്രിലിൽ നടത്തിയ റോക്കറ്റിന്റെ ആദ്യപരീക്ഷണം നാലു മിനിട്ടിനുള്ളിൽ പരാജയപ്പെട്ടിരുന്നു. നാസായുടെ സാന്പത്തിക സഹായത്തോടെയാണ് 70.7 മീറ്റർ ഉയരമുള്ള പടുകൂറ്റൻ സ്റ്റാർഷിപ് റോക്കറ്റ് വികസിപ്പിക്കുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ പദ്ധതിക്ക് ഈ റോക്കറ്റായിരിക്കും ഉപയോഗിക്കുക.
Source link