ഖലിസ്ഥാൻ നേതാവ് അവതാർ സിംഗ് യുകെയിൽ അന്തരിച്ചു
ലണ്ടൻ: പ്രമുഖ ഖലിസ്ഥാൻ നേതാവ് അവതാർ സിംഗ് ഖണ്ഡ(35) യുകെയിലെ ബിർമിംഗ്ഹാമിലെ ആശുപത്രിയിൽ അന്തരിച്ചു. മാർച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേർക്ക് നടന്ന ആക്രമണത്തിൽ അവതാർ സിംഗ് പങ്കാളിയായിരുന്നു. രക്താർബുദ ബാധിതനായിരുന്ന അവതാർ സിംഗ് ഏതാനും ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് ഇയാൾ മരിച്ചതെന്ന് റിപ്പോർട്ടുണ്ട്. 2007ൽ സ്റ്റഡി വീസയിലാണ് അവതാർ സിംഗ് യുകെയിലെത്തിയത്. 2012ൽ ഇയാൾ യുകെയിൽ അഭയം തേടി. യുകെയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാൾ പിന്നീടൊരിക്കലും തിരിച്ചുവന്നില്ല. സിക്ക് ഫെഡറേഷൻ യുകെയുടെ സജീവപ്രവർത്തകനായിരുന്നു അവതാർ സിംഗ്. ഖലിസ്ഥാൻ തീവ്രവാദി അമൃത്പാൽ സിംഗിന്റെ ഉറ്റ അനുയായി ആയിരുന്നു ഇയാൾ.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് ഭീകരൻ കുൽവന്ത് സിംഗ് ഖുഖ്റാനയുടെ മകനാണ് അവതാർ സിംഗ്. 2020 ജനുവരിയിൽ ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്(കെഎൽഎഫ്) തലവൻ ഹർമീത് സിംഗ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടതോടെ അവതാർ സിംഗ് സംഘടനയുടെ തലവനായി. ഇന്ത്യൻ ഹൈക്കമ്മീഷനിൽ ആക്രമണം നടത്തിയവരെന്നു സംശയിക്കുന്നവരുടെ അഞ്ചു വീഡിയോകൾ ബുധനാഴ്ച ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടിരുന്നു. എൻഐഎ ആണ് ഹൈക്കമ്മീഷൻ ആക്രമണക്കേസ് അന്വേഷിക്കുന്നത്.
Source link