ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ അമേരിക്കയും ചൈനയും
ബെയ്ജിംഗ്: പ്രസിഡന്റ് ഷി ചിൻപിംഗ് അടക്കമുള്ള ചൈനീസ് നേതാക്കളുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നല്കുന്നതാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അതേസമയം, ഒട്ടേറെ വിഷയങ്ങളിൽ അഭിപ്രായഭിന്നത തുടരുന്നുവെന്ന സൂചനയും അദ്ദേഹം നല്കി. ചില വിഷയങ്ങളിൽ അമേരിക്കയുമായി ധാരണയുണ്ടാക്കിയെന്നു ഷി ചിൻപിംഗും പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനു ചിൻപിംഗ് തയാറായില്ല. ദ്വിദിന സന്ദർശനത്തിന്റെ അന്തിമഘട്ടത്തിലാണു ബ്ലിങ്കൻ പ്രസിഡന്റ് ചിൻപിംഗുമായി ചർച്ച നടത്തിയത്. ബെയ്ജിംഗിലെ ഗ്രേറ്റ് ഹാളിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. അതിനു മുന്പായി വിദേശകാര്യമന്ത്രി ക്വിൻ ഗാങ്, വിദേശനയമേധാവി വാംഗ് യി എന്നിവരുമായി പത്തു മണിക്കൂറോളം ബ്ലിങ്കൻ ചർച്ച നടത്തിയിരുന്നു. യുക്രെയ്ൻ അടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചയാണു ചിൻപിംഗുമായി നടന്നതെന്നു ബ്ലിങ്കൻ പറഞ്ഞു. ചൈനയുടെ സാന്പത്തികവളർച്ച തടയാൻ അമേരിക്കയ്ക്കു പദ്ധതിയില്ലെന്നു ചൈനീസ് നേതാവിന് ഉറപ്പു നല്കി. ചൈനയുടെ വളർച്ച അമേരിക്കയ്ക്കും ഗുണംചെയ്യുന്നതാണ്.
തായ്വാന്റെ സ്വാതന്ത്ര്യനീക്കങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നില്ല. വിഷയത്തിൽ തത്സ്ഥിതി തുടരണമെന്നാണ് അമേരിക്കയുടെ നിലപാട്. ഒരു ചൈനീസ് സർക്കാരേ ഉണ്ടാകൂ. എന്നാൽ, തായ്വാനു നേരേ ചൈന നടത്തുന്ന പ്രകോപനങ്ങളിലുള്ള അതൃപ്തി ചൈനീസ് നേതൃത്വത്തെ ധരിപ്പിച്ചു. യുക്രെയ്നെതിരേ പ്രയോഗിക്കാൻ റഷ്യക്ക് ആയുധങ്ങൾ നല്കില്ലെന്ന ഉറപ്പ് ചൈനീസ് നേതൃത്വം നല്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് നേതൃത്വവുമായി ബ്ലിങ്കൻ നടത്തിയ ചർച്ചകൾ സുതാര്യമായിരുന്നുവെന്നു ഷി ചിൻപിംഗ് പറഞ്ഞു. ചാരബലൂൺ വിഷയത്തിൽ തകർന്ന ബന്ധം പുനരുജ്ജീവിക്കാൻ ലക്ഷ്യമിട്ടാണു ബ്ലിങ്കൻ ചൈനയിലെത്തിയത്. ചൈനയുമായി ഉന്നതതല ചർച്ചകൾ ആരംഭിക്കാൻ കഴിഞ്ഞത് വിജയമായിട്ടാണ് അമേരിക്കൻ നേതൃത്വം കരുതുന്നത്.
Source link