WORLD

ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പല്‍ പിടിച്ചെടുത്തു; ഇസ്രയേലിന്റേതെന്ന് ഹൂതി വിമതർ, അല്ലെന്ന് ഇസ്രയേല്‍

സനാ: തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ തെക്കന്‍ ചെങ്കടലില്‍വെച്ച് പിടിച്ചെടുത്ത് യെമനിലെ ഹൂതി വിമതര്‍. ഇസ്രയേല്‍ കപ്പലാണിതെന്ന് അവകാശപ്പെട്ടാണ് ഹൂതികള്‍ ഇത് പിടിച്ചെടുത്തത്. എന്നാല്‍ കപ്പലിന്റെ ഉടമസ്ഥാവകാശം ബ്രിട്ടനാണെന്നും ഓപ്പറേറ്റ് ചെയ്യുന്നത് ജപ്പാന്‍ ആണെന്നും ഇസ്രയേല്‍ പ്രതികരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് തെക്കന്‍ ചെങ്കടലില്‍വെച്ച് ഹൂതികള്‍ കപ്പല്‍ പിടിച്ചെടുത്തത്.

കരീബിയന്‍ രാജ്യമായ ബഹമാസിന്റെ പതാക വഹിക്കുന്ന കപ്പലിന്റെ പേര് ‘ഗാലക്‌സി ലീഡര്‍’ എന്നാണ്. ഇതിന്റെ ഉടമസ്ഥന്‍ ഒരു ഇസ്രയേലി ശതകോടീശ്വരന്‍ ആണെന്നാണ് വിവരം. ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, മെക്‌സിക്കോ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 25 പേരാണ് കപ്പലിലെ ജീവനക്കാര്‍. ഇസ്രയേലുകാരായ ആരും കപ്പലില്‍ ഇല്ല. കപ്പല്‍ തങ്ങളുടേതല്ലെന്ന് ഇസ്രയേലി സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

തെക്കന്‍ ചെങ്കടലില്‍ യെമന് സമീപത്തുവെച്ച് ഹൂതികള്‍ ചരക്ക് കപ്പല്‍ തട്ടിയെടുത്തത് ആഗോള പ്രത്യാഘാതമുണ്ടാക്കുന്ന അതീവ ഗുരുതര കൃത്യമാണെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. കപ്പല്‍ തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായിരുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് കപ്പലിലെ ജീവനക്കാര്‍. ഇതില്‍ ഇസ്രയേലികള്‍ ഉള്‍പ്പെടുന്നില്ലെന്നും ഇസ്രയേലിന്റെ കപ്പല്‍ അല്ലെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുവിന്റെ ഓഫീസും കപ്പല്‍ ഇസ്രയേലിന്റേതല്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇസ്രയേല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ അവ ഓപ്പറേറ്റ് ചെയ്യുന്നതോ ആയ എല്ലാ കപ്പലുകളും തങ്ങള്‍ ലക്ഷ്യമാക്കിയേക്കുമെന്ന് ഞായറാഴ്ച ഹൂതികള്‍ വ്യക്തമാക്കിയിരുന്നു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നിടംവരെ ഇസ്രയേലിനെതിരെ സൈനിക നടപടികള്‍ തുടരുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.


Source link

Related Articles

Back to top button