രാജസ്ഥാൻ: 17 പേർ മത്സരരംഗത്ത്; കർഷകവോട്ടിൽ പ്രതീക്ഷയർപ്പിച്ച് സിപിഎം
മുഷ്ടിചുരുട്ടി മുഴങ്ങുന്ന ഇൻക്വിലാബ് വിളികളില്ല. നൂറു ചുവപ്പൻ മാലകളില്ല. ജീപ്പിൽ കെട്ടിയ ഒറ്റച്ചെങ്കൊടി മാത്രം സാക്ഷി. അസ്തമയ സൂര്യൻ ചുവപ്പുരാശി പടർത്തിയ ആകാശത്തിനു കീഴിൽ നിലത്തു വിരിച്ച കമ്പളത്തിലിരിക്കുന്ന ദരിദ്രരും കർഷകരുമായ ഗ്രാമീണരോട് രാജസ്ഥാൻ സംസ്ഥാന സിപിഎം സെക്രട്ടറി ആംറാറാം പ്രസംഗിച്ചു തുടങ്ങി. ‘മോദിജി പറഞ്ഞു കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ നിങ്ങളുടെ അക്കൗണ്ടിലേക്കു പണം വരുമെന്ന്. ആർക്കെങ്കിലും കിട്ടിയോ? ഈ ദാന്താ രാംഗഡ് മണ്ഡലത്തിൽ കോൺഗ്രസിന്റെ നാരയൺസിങ് ഏഴുതവണ എംഎൽഎയായി. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ മകൻ വീരേന്ദ്രസിങ് എംഎൽഎ ആയി. പക്ഷേ, ഇപ്പോഴും ടാങ്കർ വെള്ളത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലല്ലേ നമ്മൾ.’ അറുപതിലധികം വരാത്ത കേൾവിക്കാർ ശരിയെന്നു തലയാട്ടി. ദാന്താ രാംഗഡിലെ സമേർ ഗ്രാമത്തിലായിരുന്നു മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി കൂടിയായ ആംറാറാമിന്റെ പ്രസംഗം. പ്രത്യേക സ്പീക്കർ സെറ്റൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലും കാണുന്ന സ്പീക്കർ പോലുള്ളവ സ്ഥാനാർഥിയോടൊപ്പം വന്ന ജീപ്പിൽ ഘടിപ്പിച്ചിരുന്നു. അതുമാത്രമായിരുന്നു പ്രചാരണത്തിലെ ഏക ആർഭാടം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായ ആംറാറാം നാലുതവണ രാജസ്ഥാൻ നിയമസഭയിൽ അംഗമായിരുന്നു. 1993,1998, 2003 തിരഞ്ഞെടുപ്പുകളിൽ ധോദ് നിയോജകമണ്ഡലത്തിൽനിന്നും 2008ൽ ദാന്താ രാംഗഡ് മണ്ഡലത്തിൽനിന്നും. ദാന്താരാംഗഡ് ഉൾപ്പെട്ട സീക്കർ ജില്ല കർഷക ഭൂരിപക്ഷമുള്ള പ്രദേശമാണ്. സിപിഎമ്മിന് വേരോട്ടമുള്ളതും. എങ്കിലും ഫ്യൂഡൽ ഗൃഹാതുരത്വവും ജാതി സ്പിരിറ്റും പേറുന്ന ജനതയിൽനിന്ന് ഒറ്റപ്പെട്ട ചില വോട്ടു മഴ ലഭിക്കുമെന്നല്ലാതെ സിപിഎമ്മിനു ജില്ലയിൽ പരക്കെ പെയ്യാനായിട്ടില്ല.
രാജസ്ഥാന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ തുടക്കം മുതൽതന്നെ കമ്യൂണിസ്റ്റ് പാർട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി കാണാം. 1957ൽ സിപിഐ നേടിയ ഒറ്റ സീറ്റായിരുന്നു ആരംഭം. 1977 തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ആദ്യ നിയമസഭാംഗവും രംഗപ്രവേശം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റായിരുന്നു സിപിഎമ്മിന്. ദുംഗാർഗഡിൽ നിന്ന് ഗിർധർലാൽ മഹിയയും ഭാദ്രയിൽനിന്ന് ബൽവാൻ പൂനിയയും. ഇരുപതിനായിരത്തിലധികം വോട്ടുകൾക്കായിരുന്നു ഇരുവരുടെയും വിജയം. ഇത്തവണ ഇവരും ആംറാറാമും ഉൾപ്പെടെ 17 പേർ സിപിഎമ്മിനു വേണ്ടി പോരാട്ടത്തിനിറങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഇതുവരെയുണ്ടായിരുന്ന റെക്കോർഡകളെല്ലാം തകർക്കുന്ന വിജയമായിരിക്കും ഇത്തവണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആംറാറാം ഉറപ്പിച്ചു പറയുന്നു. പ്രചാരണത്തിന്റെ തിരക്കിനിടെ അദ്ദേഹം മനോരമയോടു സംസാരിച്ചപ്പോൾ
കോൺഗ്രസുമായി ഇത്തവണ സീറ്റ് ധാരണയുണ്ടാകുമെന്നു കേട്ടിരുന്നല്ലോ?ഞാനും കേട്ടിരുന്നു. പക്ഷേ, അങ്ങനെയൊന്ന് ഉണ്ടായില്ല. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇതിനുവേണ്ട ഒരു നീക്കവും ഉണ്ടായില്ല. എന്നോട് ഇക്കാര്യത്തിൽ കോൺഗ്രസ് ഒന്നും പറഞ്ഞിട്ടുമില്ല. കമ്യൂണിസ്റ്റ് പ്രവർത്തകരെ നിരുൽസാഹപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്തായാലും ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ 17 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. കർഷകരുടെ പ്രശ്നമായിക്കോട്ടെ, വനിതകളുടെ പ്രശ്നമായിക്കോട്ടെ, ഞങ്ങൾ അവർക്കുവേണ്ടി എന്നും സമരങ്ങൾക്കിറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ വിജയപ്രതീക്ഷയും ഞങ്ങൾക്കുണ്ട്.
ബിജെപിക്കെതിരെയുള്ള വോട്ട് ഭിന്നിച്ചു പോകാൻ സിപിഎമ്മിന്റെ മത്സരം ഇടയാക്കില്ലേ ഈ മണ്ഡലത്തിലെ കാര്യം തന്നെ പറയാം. എട്ടു തവണ ദാന്താരാംഗഡ് മണ്ഡലത്തിൽനിന്ന് ഒരേ കുടുംബത്തിലെ അംഗങ്ങളാണ് നിയമസഭയിലേക്കെത്തിയത്. കോൺഗ്രസിന്റെ പ്രതിനിധികൾ. പക്ഷേ, ഇന്നും ഈ മണ്ഡലത്തിൽ ഒരു ഐടിഐ പോലുമില്ല. ഈ മണ്ഡലത്തിലെ 70% ഗ്രാമവാസികളും വെള്ളത്തിന് ഇപ്പോഴും ടാങ്കറുകളെ ആശ്രയിക്കുന്നു. കോൺഗ്രസ് സംസ്ഥാന സർക്കാരിന്റെ പദ്ധതികളെന്താണ് ഇവിടെ വെള്ളമെത്തിക്കാത്തത്. ബിജെപി ഭരിക്കുന്ന കേന്ദ്രമെന്താണ് ഇതിനു പരിഹാരം കാണാത്തത്. വോട്ട് ഭിന്നിക്കുമോ എന്നതല്ല ഇവിടെ കാര്യം. ഈ രണ്ടു കൂട്ടരെയും പുറത്താക്കാൻ ജനം ആഗ്രഹിക്കുന്നു എന്നതാണ് കാര്യം. ഇത്തവണ ഈ രണ്ടു പാർട്ടികൾക്കും നിയമസഭയിൽ ഭൂരിപക്ഷം കിട്ടാൻ പോകുന്നില്ല.
താങ്കൾ പറഞ്ഞപോലെ തൂക്ക്സഭ വരികയാണെങ്കിൽ സിപിഎം ആരോടൊപ്പം നിൽക്കും കോൺഗ്രസിനോടൊപ്പവുമല്ല, ബിജെപിക്ക് ഒപ്പവുമല്ല. സിപിഎം ജനങ്ങൾക്കൊപ്പം നിൽക്കും. ബിജെപി മറ്റു സംസ്ഥാനങ്ങളിൽ നടത്തുന്ന കുതിരക്കച്ചവടം രാജസ്ഥാനിൽ കോൺഗ്രസും നടത്തുന്നുണ്ട്. കാശുകൊടുത്ത് എംഎൽഎമാരെ ചാക്കിലാക്കൽ. അക്കൂട്ടത്തിൽ എന്തായാലും സിപിഎംകാരുണ്ടാകില്ല. ജനം തിരഞ്ഞെടുക്കുന്ന സർക്കാരിനെ പണം കൊണ്ടോ മറ്റ് മാർഗങ്ങൾ കൊണ്ടോ അട്ടിമറിക്കുന്നതിന് എതിരെയാണ് ഞങ്ങളുടെ നിലപാട്.
ലോക്സഭാ തിരഞ്ഞെടുപ്പിലോവരാനിരിക്കുന്നതല്ലേയുള്ളൂ. അപ്പോഴത്തെ കാര്യം അപ്പോൾ തീരുമാനിക്കുന്നതല്ലേ ഉചിതം.
Source link