കെസിആറിനെതിരെയുള്ള പോരാട്ടമാണ് എന്റെ രാഷ്ട്രീയം; ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യബാന്ധവം- Popular actress Vijayashanthi join congress | says my politics is a fight against kcr | Manorama News
ഹൈദരാബാദ്∙ സോമാജിഗുഡയിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെ ഫ്ലെക്സ് ബോർഡുകളിൽ വിജയശാന്തിയുടെ ചിത്രമുള്ളിടത്തെല്ലാം ‘താമര’യുടെ ചിത്രമൊട്ടിക്കുന്ന തിരക്കിലായിരുന്നു പ്രവർത്തകർ. നാലു കിലോമീറ്റർ അപ്പുറം നാംപള്ളിയിൽ തെലങ്കാന പിസിസി ഓഫിസായ ഗാന്ധിഭവനിൽ മൂന്നു വർഷത്തിനു ശേഷം മടങ്ങിയെത്തുന്ന നായികയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും.
ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന നടി വിജയശാന്തി നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കേ കഴിഞ്ഞ ദിവസമാണു ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്നത്. രാഷ്ട്രീയപ്രവേശനത്തിന്റെ രജതജൂബിലി വർഷത്തിലാണു കോൺഗ്രസിലേക്കുള്ള മടക്കം. ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച തെന്നിന്ത്യയുടെ ‘ലേഡി സൂപ്പർസ്റ്റാർ’ കഥാപാത്രങ്ങളായി മാറുന്ന അതേ അനായാസതയോടെയാണു രാഷ്ട്രീയത്തിലും പുതിയ വേഷങ്ങളണിയുന്നത്. 1998 ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയശാന്തി പിന്നീടു തള്ളി തെലങ്കാന (അമ്മ തെലങ്കാന) എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു. പാർട്ടി പിന്നീടു കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസിൽ ലയിച്ചു 2014 ൽ ചന്ദ്രശേഖര റാവുവിന്റെ ഏകാധിപത്യത്തോടു കലഹിച്ച് ടിആർഎസ് വിട്ടു കോൺഗ്രസിലെത്തി. 2020 ലാണു കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നത്. മൂന്നു വർഷത്തിനു ശേഷം ആ റോളും അവസാനിപ്പിച്ചു.
ഇന്നലെ ബഞ്ചാരഹിൽസിലെ വീട്ടിൽ വച്ചു കാണാമെന്നായിരുന്നു വിജയശാന്തി അറിയിച്ചത്. എന്നാൽ അതിനിടെ വിജയശാന്തിയെ സംസ്ഥാനത്തെ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ ചീഫ് കോർഡിനേറ്ററായി നിയമിച്ചുകൊണ്ട് ഡൽഹിയിൽ നിന്ന് അറിയിപ്പെത്തി. പിന്നാലെ പിസിസി ഓഫിസായ ഗാന്ധിഭവനിലേക്ക്. പ്രചാരണസമിതി അംഗങ്ങളുമായി രണ്ടുമണിക്കൂറോളം നീണ്ട ചർച്ച. പുറത്തിറങ്ങുമ്പോഴേക്കും സെൽഫിയെടുക്കാനുള്ളവരുടെ തിരക്ക്. നാളെ മുതൽ കോൺഗ്രസിന്റെ പ്രചാരണയോഗങ്ങളിൽ താരപ്രചാരകയായി ഈ താരമുണ്ടാകും.
വിജയശാന്തി മനോരമയോട്
? ബിജെപി വിട്ടു കോൺഗ്രസിൽ ചേരാനുള്ള കാരണം
∙ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെതിരെയുള്ള പോരാട്ടമാണ് എന്റെ രാഷ്ട്രീയം. എന്നാൽ ബിജെപിയും ബിആർസും രഹസ്യബാന്ധവത്തിലാണ്. അതുകൊണ്ടാണ് കെസിആർ നടത്തിയ അഴിമതികളുടെ തെളിവുകൾ കയ്യിലുണ്ടായിട്ടും കേന്ദ്രസർക്കാർ അദ്ദേഹത്തിനെതിരെ അന്വേഷണം പോലും നടത്താത്തത്. കെസിആറിന്റെ അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തെലങ്കാനയിൽ വരുമ്പോഴെല്ലാം പ്രസംഗിക്കും. എന്നാൽ അദ്ദേഹത്തെ ജയിലിലടയ്ക്കാൻ അവർ തയാറാകുന്നില്ല. കെസിആറും കുടുംബവും ചേർന്നു തെലങ്കാനയെ കൊള്ളയടിക്കുകയാണ്. ഒരു വട്ടം കൂടി ബിആർഎസ് അധികാരത്തിലെത്തിയാൽ ജനം പിച്ചച്ചട്ടിയെടുക്കേണ്ടി വരും. ഇപ്പോൾ കെസിആറിനെതിരെ ശക്തമായി പോരാടുന്നത് കോൺഗ്രസാണ്. അതുകൊണ്ട് ഞാൻ കോൺഗ്രസിൽ ചേർന്നു.
? ഈ രഹസ്യബാന്ധവം മനസ്സിലായെങ്കിൽ പാർട്ടി വിടാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പാതിവരെ കാത്തിരുന്നതെന്താണ്
∙ ബിജെപി നിലപാട് മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. കെസിആറിനെതിരെ നടപടിയെടുക്കാൻ പലവട്ടം ആവശ്യപ്പെട്ടു. തനിച്ചു ഭൂരിപക്ഷമുള്ള കേന്ദ്രസർക്കാർ മുന്നണിയിൽ പോലും ഇല്ലാത്ത ഒരു പ്രാദേശിക നേതാവിനെ പ്രീതിപ്പെടുന്നത് എന്നതിനാണ്. കാത്തിരിപ്പിനു ഫലമില്ലെന്നു കണ്ടപ്പോൾ ഞാൻ തീരുമാനമെടുത്തു
? മൂന്നു വർഷം മുൻപ് കോൺഗ്രസ് വിടാനുണ്ടായ സാഹചര്യങ്ങളെല്ലാം പെട്ടെന്നു മാറിയോ
∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 19 കോൺഗ്രസ് സ്ഥാനാർഥികളാണ് ജയിച്ചത്. 2019 ൽ ഇതിൽ 12 പേർ ബിആർസിൽ ചേർന്നു. കെസിആറിനെതിരെ പൊരുതാൻ കോൺഗ്രസിന് കഴിയില്ലെന്നു ബോധ്യമായപ്പോഴാണ് 2020 ൽ ഞാൻ ബിജെപിൽ ചേർന്നത്. എന്നാൽ ഇപ്പോൾ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കെസിആറിന്റെ അഴിമതികൾക്കെതിരെ ശക്തമായി പോരാടുന്നുണ്ട്.
? നിയമസഭാ സീറ്റ് ലഭിക്കാത്തതാണു പാർട്ടി വിടാൻ കാരണമെന്ന് ആരോപണമുണ്ട്; കോൺഗ്രസ് ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തെന്നും
∙ രണ്ടും തെറ്റാണ്. 25 വർഷത്തിനിടെ രാഷ്ട്രീയജീവിതത്തിനിടെ 2 വട്ടം മാത്രമാണ് മത്സരിച്ചത്. ഒരു വട്ടം എംപിയായി. കോൺഗ്രസിലായിരുന്നപ്പോൾ 2018,19ലും ഞാൻ മത്സരിച്ചിട്ടില്ലല്ലോ.
? അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ
∙ മത്സരിക്കുന്നതിന് തടസ്സമൊന്നുമില്ല. തീരുമാനിക്കേണ്ടത് പാർട്ടിയാണ്.
? ഇടയ്ക്കിടെ പാർട്ടി മാറുന്നത് വിശ്വാസ്യതയെ ബാധിക്കില്ലേ
∙ കെസിആർ എന്നെ പിന്തുടർന്നു തകർക്കാൻ ശ്രമിക്കുകയാണ്. തോറ്റു കൊടുക്കാൻ ഞാൻ തയാറായല്ല. തെലങ്കാനയ്ക്കായി പോരാടായിയ 2 നേതാക്കളെ ഇന്നുള്ളു. വിജയശാന്തിയും കെസിആറും. പാർട്ടിയിലെ രണ്ടാം സ്ഥാനത്തു മക്കളെ എത്തിക്കാനാണ് കെസിആർ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയത്. അതിനു ശേഷം എന്റെ വളർച്ച തടയാൻ പല വഴിയിലൂടെ ശ്രമിക്കുന്നു. കെസിആറിനെതിരെ പോരാടാൻ ഉചിതമായ രാഷ്ട്രീയമാർഗം തിരഞ്ഞെടുക്കുകയാണ് ഞാൻ ചെയ്യുന്നത്.
13 വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലും സജീവമാവുകയാണ് വിജയശാന്തി. മഹേഷ് ബാബു നായകനായ സരിലേരു നീക്കെവാരു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. എൻടിആറിന്റെ കൊച്ചുമകൻ എൻ.കല്യാണറാം നായകനാകുന്ന പുതിയ ചിത്രത്തിനുള്ള കരാറിൽ ഒപ്പിട്ടു. തിരഞ്ഞെടുപ്പിനു ശേഷം ഷൂട്ടിങ് തുടങ്ങും.
ചിത്രത്തിൽ ആക്ഷൻ വേഷമാണോ? ’വിജയശാന്തി ചിരിച്ചു; അതു സർപ്രൈസാണ്’. വിജയശാന്തിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ പോലെ തന്നെ.
Source link