ക്രിക്കറ്റിലെ ഒരു റണ്‍സിന്റെ പ്രാധാന്യം സംരംഭകത്വത്തിലെ ഓരോ ഘട്ടത്തിനുമുണ്ട്: ജോണ്ടി റോഡ്സ്
തിരുവനന്തപുരം: ക്രിക്കറ്റിൽ ഒരു റണ്‍സ് ഏറെ വിലപ്പെട്ടതാണെന്നതു പോലെ സംരംഭകത്വത്തിൽ ഓരോ ചെറിയ കാര്യത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ജോണ്ടി റോഡ്സ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിലെ സെഷനിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഏകദിന ക്രിക്കറ്റിൽ പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയത്തിന്റെ റിക്കാർഡ് കൈവരിച്ച, 2006 ൽ ജോഹന്നാസ്ബർഗിൽ നടന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക മത്സരത്തെ ചൂണ്ടിക്കാട്ടിയാണ് റോഡ്സ് ഇതു പറഞ്ഞത്. ഓസ്ട്രേലിയ ഉയർത്തിയ 435 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം അവിശ്വസനീയമായി ദക്ഷിണാഫ്രിക്ക മറികടന്നത് ഹെർഷൽ ഗിബ്സിന്റെയും ഗ്രെയിം സ്മിത്തിന്റെയും മാർക്ക് ബുച്ചറിന്റെയും മികച്ച ഇന്നിംഗ്സുകളിലൂടെയാണ്. എന്നാൽ നിർണായകമായ അവസാന ഓവറിൽ മഖായ എൻടിനി നേടിയ ഒരു റണ്‍സ് ആണ് മത്സരത്തിന്റെ വിധി നിർണയിച്ചതെന്നും അതുകൊണ്ട് ഈ ഒറ്റ റണ്‍സിന്റെ മൂല്യം ഏറെ വലുതാണെന്നും റോഡ്സ് വിലയിരുത്തി. ഈ ഒറ്റ റണ്‍സ് എന്ന നിർണായക ലക്ഷ്യം നേടുകയെന്നതാണ് സംരംഭകത്വത്തിലും പ്രധാനം. സംരംഭകത്വത്തിൽ തിരിച്ചടികളും ഏറ്റക്കുറച്ചിലുകളുമുണ്ടാകും. ഇത്തരം അവസരങ്ങളിൽ ഓരോ ചെറിയ കാര്യങ്ങവും തിരിച്ചറിയുകയും നവീകരിച്ച് മുന്നോട്ടു പോകുന്നതും പ്രധാനമാണ്.
ടീമിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന നിലയിൽ ക്യാപ്റ്റൻ ഹാൻസി ക്രോണിയ തനിക്ക് നൽകിയിരുന്ന സ്വാതന്ത്ര്യം ജോണ്ടി റോഡ്സ് ഓർമിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ ടീമിന്റെ എല്ലാ കാര്യങ്ങളും തനിക്ക് നിയന്ത്രിക്കേണ്ടി വരും. അപ്പോൾ ഫീൽഡിംഗ് പൊസിഷൻ ജോണ്ടിക്ക് തീരുമാനിക്കാമെന്നും അപ്പപ്പോഴുള്ള മാറ്റങ്ങൾ വരുത്താമെന്നുമാണ് ക്രോണിയ തന്നോട് പറഞ്ഞിരുന്നതെന്ന് ജോണ്ടി ഓർമിക്കുന്നു. തന്റെ ടീം അംഗങ്ങളുടെ കഴിവ് ഏതെല്ലാം മേഖലയിലാണെന്ന് തിരിച്ചറിഞ്ഞ് ഒരു സംരംഭകൻ ഈ സ്വാതന്ത്ര്യം അവർക്ക് നൽകണമെന്ന് റോഡ്സ് ഉപദേശിച്ചു. സംരംഭകത്വത്തിൽ പെട്ടെന്ന് വിജയം വരിക്കണമെന്നില്ല. തിരിച്ചടികളും പരാജയങ്ങളുമുണ്ടാകാമെന്നും തിരിച്ചുവരികയാണ് പ്രധാനമെന്നും ഒരു ഫീൽഡറുടെ ജീവിതത്തിലൂടെ റോഡ്സ് വിവരിച്ചു. ഒറ്റയടിക്ക് മികച്ച ഫീൽഡർ ആകാനാകില്ല. പന്തുകൾ കൈപ്പിടിയിലൊതുങ്ങാതെ ബൗണ്ടറിയിലേക്ക് പോയേക്കാം, ക്യാച്ചുകൾ വഴുതിപ്പോയേക്കാം. അതിൽ നിരാശപ്പെടാതെ അടുത്ത അവസരത്തിനായി കൂടുതൽ സൂക്ഷ്മതയോടെ നിലകൊള്ളണമെന്നും റോഡ്സ് പറഞ്ഞു.
Source link