ദക്ഷിണാഫ്രിക്ക x ഓസ്ട്രേലിയ രണ്ടാം സെമി ഇന്ന്
കോല്‍ക്കത്ത: ഞായറാഴ്ച നടക്കുന്ന ഐസിസി 2023 ലോകകപ്പ് കിരീട പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളി ആരെന്ന് ഇന്നറിയാം. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ക്രിക്കറ്റ് ലോകകപ്പുകളുടെ സെമി ഫൈനലുകളില്‍ കാലിടറി വീഴുന്ന ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെ ദക്ഷിണാഫ്രിക്കയും ഐസിസി ടൂര്‍ണമെന്റുകളിലെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാന്‍ ഓസ്ട്രേലിയയും ഇന്നിറങ്ങും. കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം. മൂന്നാം ഊഴം നോക്കൗട്ട് മത്സരങ്ങളിലെ അധികസമ്മര്‍ദം താങ്ങാനാവാതെ പോകുന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിനയാകുന്നത്. മൂന്നാം തവണയാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏകദിന ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടുന്നത്. 1999 ലോകകപ്പ് സെമിയില്‍ സമനില വഴങ്ങി ഫൈനല്‍ കാണാതെ പുറത്തായതിനും 2007ലെ തോല്‍വിക്കും കംഗാരുക്കളോട് പ്രോട്ടീസിനു പകരം വീട്ടാനുണ്ട്. നോക്കൗട്ടില്‍ മുട്ടിടിക്കുന്ന ടീമെന്ന അപഖ്യാതിയും ദക്ഷിണാഫ്രിക്കയ്ക്ക് മായ്ച്ചുകളയണം. ലീഗ് റൗണ്ടില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്ക വന്‍ ജയം നേടിയിരുന്നു. ഈ ലോകകപ്പില്‍ ഓസ്ട്രേലിയയുടെ തുടക്കം മോശമായിരുന്നു. ആദ്യ രണ്ടു മത്സരത്തില്‍ (ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും) തോറ്റു. പിന്നീട് പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും തിരിച്ചുവരവാണ് ഈ ലോകകപ്പ് കണ്ടത്. തുടര്‍ച്ചയായ ഏഴു മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയവുമായി സെമിയില്‍. ബാറ്റര്‍മാരുടെ കരുത്തില്‍ മുന്നേറുന്ന ദക്ഷിണാഫ്രിക്കയും ലീഗ് റൗണ്ടില്‍ രണ്ട് (ഇന്ത്യക്കും നെതര്‍ലന്‍ഡ്സിനും എതിരേ) രണ്ട് തോല്‍വി വഴങ്ങി. ചേസിംഗിലാണ് ദക്ഷിണാഫ്രിക്ക വെല്ലുവിളി നേരിടുന്നത്. ഈ ലോകകപ്പില്‍ റണ്‍സ് പിന്തുടര്‍ന്ന മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്സിനോടും ഇന്ത്യയോടും തോറ്റു. പാക്കിസ്ഥാനെതിരേ കഷ്ടിച്ച് ഒരു വിക്കറ്റിനാണ് പ്രോട്ടീസ് ജയിച്ചത്. ലീഗിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്റെ വെല്ലുവിളികള്‍ അതിജീവിക്കാനായത് സെമിഫൈനലിനു മുമ്പ് ആശ്വാസമായി. ലോകകപ്പില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്തോറും ഫോമിലേക്കുയരുന്ന പതിവ് ആവര്‍ത്തിക്കുന്ന ഓസ്ട്രേലിയയുടെ സര്‍വമേഖലയും ഫോമിലേക്കെത്തിയതാണ് അവരെ സന്തോഷിപ്പിക്കുന്നത്.
വാര്‍ണര്‍ x ഡികോക്ക് ഈ ലോകകപ്പിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതില്‍ മുന്‍പന്തിയിലുള്ള ഓസീസിന്റെ ഡേവിഡ് വാര്‍ണറുടെയും ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കിന്റെയും പ്രകടനങ്ങളാണ് ഏവറ്റും ഉറ്റുനോക്കുന്നത്. ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 1491 റണ്‍സ് നേടിയിട്ടുള്ള വാര്‍ണര്‍ക്ക് ഒമ്പത് റണ്‍സ് കൂടി നേടാനായാല്‍ 1500 റണ്‍സ് തികയ്ക്കാം. ലോകകപ്പ് മത്സരങ്ങളില്നിന്നാകെ 1500 റണ്‍സ് നേടുന്ന രണ്ടാമത്തെ ഓസീസ് ബാറ്ററെന്ന നേട്ടം റിക്കി പോണ്ടിംഗിനുശേഷം (1751 റണ്‍സ്) സ്വന്തമാക്കാനുമാകും വാർണർക്ക്. ഡികോക്കിനെക്കാത്ത് ഒരുപിടി റിക്കാര്‍ഡുകളാണ് കാത്തിരിക്കുന്നത്. ലോകകപ്പില്‍ 40 പുറത്താക്കലുകള്‍ നടത്തിയിട്ടുള്ള നാലാമത്തെ വിക്കറ്റ്കീപ്പര്‍ എന്ന നേട്ടത്തിലേക്ക് രണ്ട് ഇരകൂടി മതി ഡികോക്കിന്. കുമാര്‍ സംഗക്കാര (54), ആദം ഗില്‍ക്രിസ്റ്റ് (52), എം.എസ്. ധോണി (42) എന്നിവരാണ് ഈ നേട്ടം മുമ്പ് കൈവരിച്ചവര്‍. ലോകകപ്പില്‍ 1000+ റണ്‍സും 40 പുറത്താക്കലുകളുമുള്ള മൂന്നാമത്തെ വിക്കറ്റ്കീപ്പർ എന്ന നേട്ടവും താരത്തെ കാത്തിരിക്കുന്നു. 1041 റണ്‍സ് ഡികോക്കിന്റെ പേരിലുണ്ട്. സംഗക്കാര (1532 റണ്‍സ് 54 പുറത്താക്കലുകള്‍), ഗില്‍ക്രിസ്റ്റ് (1085 റണ്‍സ് 52 പുറത്താക്കലുകള്‍) എന്നിവരാണ് ഈ നേട്ടം കൈവരിച്ചവര്‍. ഒരു ലോകകപ്പ് എഡിഷനില്‍ അഞ്ച് സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിലേക്ക് ഒരു ശതകത്തിന്റെ അകലം മാത്രമാണ് ഡികോക്കിനുള്ളത്. ഈ ലോകകകപ്പില്‍ 591 റണ്‍സുള്ള ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ക്ക് ഒമ്പത് റണ്‍സ് കൂടിയുണ്ടെങ്കില്‍ 600 റണ്‍സിലെത്തുന്ന അഞ്ചാമത്തെ ഓപ്പണാറാകാം.
Source link