ബയേണ്‍, റയൽ, ഇന്റർ മുന്നോട്ട്
കോപ്പൻഹേഗൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനു തോൽവി. കിട്ടിയ ലീഡ് നഷ്ടമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-4ന് എഫ്സി കോപ്പൻഹേഗനോടു തോറ്റു. ഗ്രൂപ്പിൽ ഒരു ജയം മാത്രമായി അവസാന സ്ഥാനക്കാരായ യുണൈറ്റഡിനു പ്രീക്വാർട്ടറിലെത്തണമെങ്കിൽ അടുത്ത രണ്ടു മത്സരങ്ങളും ജയിക്കണം. റാസ്മസ് ഹോയ്ലൻഡിലൂടെ (3’, 28’) യുണൈറ്റഡാണു മത്സരത്തിൽ ലീഡ് നേടിയത്. 45-ാം മിനിറ്റിൽ മുഹമ്മദ് എല്യാഔനൂസി കോപ്പൻഹേഗനായി ഗോൾ മടക്കി. 45+9-ാം മിനിറ്റിൽ ഡിഗോ ഗോണ്‍സാൽവസിന്റെ പെനാൽറ്റി കോപ്പൻഹേഗനു സമനില നൽകി. 69-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റിയിലൂടെ യുണൈറ്റഡ് വീണ്ടും മുന്നിൽ. എന്നാൽ, യുണൈറ്റഡിന്റെ ജയമോഹങ്ങൾ തകർത്തു ലൂകാസ് ലെറഗറും (83’), റൂണി ബാർട്ജിയും (87’) വലകുലുക്കി. 42-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് മാർകസ് റാഷ്ഫോഡ് പുറത്തായതു യുണൈറ്റഡിനു തിരിച്ചടിയായി.
ഗ്രൂപ്പ് ബിയിൽ ആഴ്സണൽ 2-0ന് സെവിയ്യയെ തോൽപ്പിച്ചു. ലിയൻഡ്രോ ട്രോസാർഡ് (29’), ബുകായോ സാക (64’) എന്നിവരാണു ഗോൾ നേടിയത്. ഒന്‍പതു പോയിന്റുമായി ആഴ്സണൽ ഒന്നാമതാണ്. ഗ്രൂപ്പ് എയിൽ തുടർച്ചയായ നാലാം ജയത്തോടെ ബയേണ്‍ മ്യൂണിക്ക് പ്രീക്വാർട്ടറിലേക്കു മുന്നേറി. ഹാരി കെയ്ന്റെ (80’, 86’) ഇരട്ട ഗോളിൽ ബയേണ്‍ 2-1ന് ഗലാറ്റ്സറെയെയാണു തോൽപ്പിച്ചത്. ഗ്രൂപ്പ് സിയിൽ നാലാം ജയത്തോടെ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിലെത്തി. റയൽ 3-0ന് ബ്രാഗയെ തോൽപ്പിച്ചു. ബ്രാഹിം ഡിയസ് (27’), വിനീഷ്യസ് ജൂണിയർ (58’), റോഡ്രിഗോ (61’) എന്നിവർ റയലിനായി ഗോൾ നേടി. നാപ്പോളി-എഫ്സി യൂണിയൻ ബർലിൻ മത്സരം 1-1ന് സമനിലയായി. ഏഴു പോയിന്റുമായി നാപ്പോളി രണ്ടാമതാണ്. ഗ്രൂപ്പ് ഡിയിൽനിന്ന് റയൽ സോസിദാദും ഇന്റർ മിലാനും പ്രീക്വാർട്ടറിലെത്തി. ഇരുടീമിനും 10 പോയിന്റ് വീതമാണ്. ഇന്റർ 1-0ന് എഫ്സി സാൾസ്ബർഗിനെയും സോസിദാദ് 3-1ന് ബെൻഫിക്കയെയും തോൽപ്പിച്ചു.
Source link