ഏകദിന റാങ്കിംഗിൽ ശുഭ്മൻ ഗില്ലും മുഹമ്മദ് സിറാജും ഒന്നാമത്
ദുബായ്: ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ശുഭ്മൻ ഗിൽ ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ ബാബർ അസത്തെ പിന്തള്ളിയാണു ഗില്ലിന്റെ കുതിപ്പ്. ഏകദിന ബൗളിംഗിലും ഇന്ത്യൻ താരമാണ് നന്പർ വണ്‍. ലോകകപ്പ് പ്രകടനത്തിന്റെ ബലത്തിൽ രണ്ടു സ്ഥാനം മുന്നേറിയ മുഹമ്മദ് സിറാജ്, പാക് താരം ഷഹീൻ ഷാ അഫ്രീദിയെ പിന്തള്ളി ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യ പത്തിലുള്ളത്. ബാറ്റിംഗിൽ, വിരാട് കോഹ് ലിയെ പിന്തള്ളി 2021 ഏപ്രിൽ 14 മുതൽ ബാബർ അസം ഒന്നാം നന്പറിൽ തുടരുകയായിരുന്നു. മൂന്നു വർഷത്തോളം സ്ഥാനം നിലനിർത്താൻ ബാബറിനായി. ലോകകപ്പിൽ നാല് അർധസെഞ്ചുറിയുമായി ബാബർ ഭേദപ്പെട്ട പ്രകടനമാണു കാഴ്ചവച്ചതെങ്കിലും ഗില്ലിന്റെ തകർപ്പൻ ഫോം തിരിച്ചടിയായി. നിലവിൽ ഗില്ലിന് 830 പോയിന്റും ബാബറിന് 824 പോയിന്റുമാണുള്ളത്. ഈ വർഷം കളിച്ച 26 ഏകദിനങ്ങളിൽനിന്ന് 1449 റണ്‍സാണു ഗില്ലിന്റെ സന്പാദ്യം. നാലു സെഞ്ചുറിയും ഒരു ഡബിൾ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്, ഇന്ത്യയുടെ വിരാട് കോഹ്ലി, ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ എന്നിവരാണു ബാറ്റർമാരുടെ പട്ടികയിൽ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. രോഹിത് ശർമ ആറാം സ്ഥാനത്തുമുണ്ട്. ലോകകപ്പിലെ പ്രകടനങ്ങളാണ് കോഹ്ലിയെയും രോഹിത്തിനെയും തുണച്ചത്.
ബൗളിംഗിലും ഇന്ത്യൻ ആധിപത്യമാണ്. 709 റേറ്റിംഗ് പോയിന്റുകളാണ് ഒന്നാമനായ സിറാജിനുള്ളത്. സ്പിന്നർ കുൽദീപ് യാദവ് (04) ആദ്യ അഞ്ചിലുണ്ട്. പേസർമാരായ ജസ്പ്രീത് ബുംറ (08), മുഹമ്മദ് ഷമി (10) എന്നിവരും ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടി. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപ മൂന്നാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞയാഴ്ച വരെ ഒന്നാമനായിരുന്ന ഷഹീൻ അഫ്രീദി പുതിയ റാങ്കിംഗിൽ അഞ്ചാമതാണ്. കുറഞ്ഞ ഇന്നിംഗ്സിൽ ഒന്നാം നന്പറെന്ന നേട്ടത്തിൽ രണ്ടാമതാണ് ഗിൽ. 41 ഇന്നിംഗ്സിൽനിന്ന് ഗിൽ ഒന്നാം റാങ്കിലെത്തിയപ്പോൾ, 38 ഇന്നിംഗ്സിൽ ഒന്നാമതെത്തിയ എം.എസ്. ധോണിയാണ് ഈ പട്ടികയിൽ ഒന്നാമത്. ഗിൽ, ധോണി, കോഹ്ലി എന്നിവർക്കു പുറമേ സച്ചിൻ തെണ്ടുൽക്കറാണ് ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയ മറ്റൊരു ഇന്ത്യൻ താരം.
Source link