കോഹ്ലി സച്ചിനൊപ്പം സന്തോഷ ജന്മദിനം…
ജന്മദിനത്തില് ഐസിസി ഏകദിന ലോകകപ്പ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടത്തില്‍ വിരാട് കോഹ്ലി. ഇന്നലെ തന്റെ 35-ാം ജന്മദിനത്തിലാണ് 2023 ഏകദിന ലോകകപ്പ് ലീഗ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കോഹ്ലിയുടെ 101 നോട്ടൗട്ട്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ജന്മദിനത്തില് സെഞ്ചുറി നേടുന്ന മൂന്നാമത് മാത്രം ബാറ്ററാണ് കോഹ്ലി. 2011 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ റോസ് ടെയ്ലര് (131 നോട്ടൗട്ട്) തന്റെ 27-ാം ജന്മദിനത്തില് പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടി. ലോകകപ്പ് ചരിത്രത്തില്‍ ജന്മദിനത്തിലെ ആദ്യ സെഞ്ചുറിയായിരുന്നു അത്. ഈ ലോകകപ്പില്‍ ഓസ്ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ് (121) 32-ാം ജന്മദിനത്തില് പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടി. 2023 ലോകകപ്പില്‍ ജന്മദിനക്കാര് രണ്ടാം തവണയാണ് സെഞ്ചുറി നേടുന്നതെന്നതും ശ്രദ്ധേയം. സച്ചിന്റെ റിക്കാര്‍ഡില്‍ രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (49) എന്ന റിക്കാര്‍ഡില്‍ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ ഒപ്പവും കോഹ്ലി എത്തി. 2012 മാര്‍ച്ച് 16ന് ബംഗ്ലാദേശിനെതിരേയായിരുന്നു സച്ചിന്റെ 49-ാം ഏകദിന സെഞ്ചുറി. രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന് 100 സെഞ്ചുറി തികച്ച ശതകനേട്ടമായിരുന്നു ബംഗ്ലാദേശിനെതിരായത്. നേരിട്ട 119-ാം പന്തിലായിരുന്നു കോഹ്ലി 49-ാം സെഞ്ചുറി തികച്ചത്. 49 ഏകദിന സെഞ്ചുറിയിലേക്ക് എത്താൻ സച്ചിന് 452 ഇന്നിംഗ്സ് വേണ്ടിവന്നു. 277 ഇന്നിംഗ്സിലാണ് കോഹ്ലിയുടെ 49-ാം സെഞ്ചുറി. ഈ ലോകകപ്പിലെ തന്നെ താരത്തിന്റെ രണ്ടാമത്തെ സെഞ്ചുറിയാണ്. 2009 ഡിസംബര്‍ 24ന് ഈഡന് ഗാര്‍ഡന്‍സിലാണ് കോഹ്ലി ആദ്യ ഏകദിന സെഞ്ചുറി നേടുന്നത്. ഇവിടെത്തന്നെ 49-ാം സെഞ്ചുറി നേടിയെന്ന പ്രത്യേകതയുമുണ്ട്.
സച്ചിന് 20 x കോഹ്ലി 23 ഇന്ത്യയില്‍ വിരാട് കോഹ്ലിയുടെ 23-ാം ഏകദിന സെഞ്ചുറിയാണ്. സ്വദേശത്ത് സച്ചിന് തെണ്ടുല്‍ക്കറിന് 20 സെഞ്ചുറി മാത്രമാണുള്ളത്. എന്നാല്‍, നിഷ്പക്ഷ വേദിയില്‍ സെഞ്ചുറി നേടിയ കണക്കില്‍ സച്ചിനാണ് മുന്‍തൂക്കം. ന്യൂട്രല്‍ വേദിയില്‍ സച്ചിന് 17 സെഞ്ചുറി നേടിയപ്പോള്‍ കോഹ് ലിയുടെ പേരില്‍ അഞ്ച് എണ്ണം മാത്രമാണ് ഉള്ളത്. 79-ാം സെഞ്ചുറി രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ കോഹ്ലിയുടെ 79-ാം സെഞ്ചുറിയാണ്. ടെസ്റ്റില്‍ 29ഉം ഏകദിനത്തില്‍ 49ഉം ട്വന്റി-20യില്‍ ഒരു സെഞ്ചുറിയും കോഹ്ലിക്കുണ്ട്. ആകെ 515 (111 ടെസ്റ്റ്, 289 ഏകദിനം, 115 ട്വന്റി-20) മത്സരങ്ങളില്‍നിന്നാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ 79 സെഞ്ചുറി. 100 സെഞ്ചുറിയുള്ള (ടെസ്റ്റില്‍ 51, ഏകദിനത്തില്‍ 49) സച്ചിന് മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ളത്. ജന്മദിനം ആഘോഷമാക്കി ആരാധകർ വിരാട് കോഹ്ലിയുടെ 35-ാം ജന്മദിനം കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ആരാധര്‍ വൻ ആഘോഷമാക്കി. കോഹ്ലിയുടെ മുഖംമൂടിയണിഞ്ഞ ആരാധകര്‍ സ്റ്റേഡിയത്തിനു പുറത്ത് കേക്ക് മുറിച്ചും നൃത്തം ചെയ്തും വലിയ കട്ടൗട്ടുകള്‍ വച്ചും ആഘോഷിച്ചു. സ്റ്റേഡിയത്തില്‍ ജന്മദിന ആശംസകള്‍ എഴുതി ബാനറുകളുമായാണ് ആരാധകര്‍ എത്തിയത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ആസ്ഥാന കെട്ടിടത്തില്‍ താരത്തിന്റെ അവിസ്മരണീയമായ ക്രിക്കറ്റ് യാത്രയുടെ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചു.
Source link