അഫ്ഗാന്റെ സെമി സ്വപ്നം
ലക്നോ: തകര്‍പ്പന്‍ ജയത്തോടെ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമി സാധ്യത നിലനിര്‍ത്താന്‍ അഫ്ഗാനിസ്ഥാന് ഇന്ന് ലക്നോയില്‍ നെതര്‍ലന്‍ഡ്സിനെ നേരിടും. 2023 ഏകദിന ലോകകപ്പില്‍ ആരാധകരുടെ പ്രതീക്ഷകളുടെ ഭാരമൊന്നുമില്ലാതെ എത്തി വിസ്മയം തീര്‍ത്തവരാണ് അഫ്ഗാനും നെതര്‍ലന്‍ഡ്സും. ഇവരുടെ കുതിപ്പില്‍ പല വമ്പന്മാരും നിലംപതിക്കുകയും ചെയ്തു. ഇരുടീമും ഇന്ന് ജയത്തോടെ സെമിയിലേക്ക് അടുക്കാനാണ് പൊരുതുന്നത്. ഇന്ന് അഫ്ഗാന് വന്‍ ജയം നേടിയാല്‍ ഓസ്ട്രേലിയയെയോ ന്യൂസിലന്‍ഡിനെയോ മറികടന്ന് മൂന്നോ നാലോ സ്ഥാനത്തെത്താനുള്ള സാധ്യതയുണ്ട്. ആറുകളിയില്‍ മൂന്നു ജയവുമായി ആറു പോയിന്റുമായി അഫ്ഗാന് ആറാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്സ് ജയിച്ചാല്‍ എട്ടാം സ്ഥാനത്തുനിന്ന് മുന്നോട്ടെത്താം. ആറു കളിയില്‍നിന്ന് രണ്ടു ജയവുമായി നാലു പോയിന്റാണ് നെതർലൻഡ്സിന്.
പാക്കിസ്ഥാന്, ശ്രീലങ്ക ടീമുകള്‍ക്കെതിരേ അഫ്ഗാന് ടോപ് ഓര്‍ഡര്‍ മികച്ച പ്രകടനമാണ് നടത്തിയത്. 2003 ലോകകപ്പില്‍ കെനിയ നടത്തിയതുപോലെ ഒരു അപ്രതീക്ഷിത മുന്നേറ്റത്തിനാണ് അഫ്ഗാന് ലക്ഷ്യമിടുന്നത്. ശക്തരായ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയുമാണ് ഇനി അഫ്ഗാനു നേരിടേണ്ടത്. ബംഗ്ലാദേശിനെ എറിഞ്ഞിട്ടതിന്റെ ആവേശത്തിലാണ് നെതര്‍ലന്‍ഡ്സ് എത്തുന്നത്. ബാറ്റിംഗില്‍ പലരെയും ആശ്രയിക്കാന്‍ നെതര്ലന്ഡ്സിനാകുന്നുണ്ട്. അത്യാവശ്യഘട്ടത്തില്‍ വാലറ്റത്ത് പോലും മികവ് പ്രകടിപ്പിക്കുന്നവരുണ്ട്. ഇംഗ്ലണ്ടും ഇന്ത്യയുമാണ് അടുത്ത എതിരാളികള്‍.
Source link