അഭിമാനജയം തേടി
കോൽക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിനു പാക്കിസ്ഥാൻ ഇന്ന് ഈഡൻ ഗാർഡൻസിൽ. സെമി ഫൈനൽ പ്രവേശനത്തിന്റെ എന്തെങ്കിലും സാധ്യതകൾ നിലനിർത്തണമെങ്കിൽ പാക്കിസ്ഥാന് ഇന്നു ബംഗ്ലാദേശിനെതിരേ ജയിച്ചേ തീരൂ. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം. തുടർച്ചയായി നാലു മത്സരങ്ങൾ തോറ്റ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു. ഇനിയെല്ലാം അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളാണ്. നാലു പോയിന്റ് മാത്രമുള്ള പാക്കിസ്ഥാനു മൂന്നു മത്സരങ്ങളാണ് ഇനി ടൂർണമെന്റിൽ ശേഷിക്കുന്നത്. ഇതിലെല്ലാം ജയിച്ചാൽ ആകെ പത്തു പോയിന്റാകും. ഇപ്പോൾത്തന്നെ നാലു ടീമുകൾക്കു പാക്കിസ്ഥാനേക്കാൾ പോയിന്റുണ്ട്. വെല്ലുവിളികൾ ടൂർണമെന്റിൽ ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരവും ന്യൂസിലൻഡിന്റെ കുതിപ്പുമാണു പാക്കിസ്ഥാനു വെല്ലുവിളിയാകുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിൽക്കുന്പോൾ അടുത്ത രണ്ടു സ്ഥാനങ്ങൾക്കായി ഓസീസും കിവീസുമാണു പോരാടുന്നത്.
പാക്കിസ്ഥാന് ഇനി വെറും ജയം മാത്രം പോരാ, നെറ്റ് റണ്‍റേറ്റ് ഉയർത്തുന്ന തരത്തിലുള്ള വൻ ജയങ്ങൾ കൂടിയേ തീരൂ. ഇപ്പോൾ -0.205 ആണ് റണ്‍റേറ്റ്. ഇന്നു തോറ്റാൽ പാക്കിസ്ഥാന്റെ സെമി മോഹങ്ങൾ അവസാനിച്ചെന്നതു നിസംശയം. ബാറ്റിംഗ് പരാജയം ബാറ്റർമാരുടെ പ്രകടനമാണു പാക്കിസ്ഥാന്റെ പ്രശ്നം. ആറു കളിയിൽ നാലെണ്ണത്തിൽ പാക്കിസ്ഥാൻ ബാറ്റർമാർക്ക് 50 ഓവർ നിൽക്കാനായില്ല. മൂന്ന് അർധ സെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെയും വിക്കറ്റ് കീപ്പൻ മുഹമ്മദ് റിസ്വാന്റെയും കരുത്തുറ്റ പ്രകടനത്തെയാണു പാക്കിസ്ഥാൻ ഉറ്റുനോക്കുന്നത്.
Source link