ഉരുളയ്ക്ക് ഉപ്പേരി… ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ
ലക്നോ: കിരീടത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും തങ്ങൾ തൃപ്തരാകില്ലെന്ന് അടിവരയിട്ട്, ആരാധകരുടെ ആവേശം വാനോളമെത്തിച്ച് ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ലീഗ് റൗണ്ടിൽ ഇന്ത്യയുടെ ഉജ്വല ജയം. നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ 100 റൺസിനാണ് ഇന്ത്യ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇന്ത്യയെ 50 ഓവറിൽ 229/9 എന്ന സ്കോറിൽ ഇംഗ്ലണ്ട് ഒതുക്കിയിരുന്നു. എന്നാൽ, ഉരുളയ്ക്ക് ഉപ്പേരി എന്നതുപോലെ ഇന്ത്യൻ ബൗളർമാർ നടത്തിയ പ്രത്യാക്രമണത്തിൽ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 34.5 ഓവറിൽ 129ൽ അവസാനിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി ഏഴ് ഓവറിൽ 22 റൺസിന് നാലും ജസ്പ്രീത് ബുംറ 6.5 ഓവറിൽ 32 റൺസിന് മൂന്നും വിക്കറ്റ് വീഴ്ത്തി. 27 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ ആയിരുന്നു ഇംഗ്ലീഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. 4.4. ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 30 റൺസ് എന്ന രീതിയിൽ തിരിച്ചടി സൂചന നൽകിയശേഷമാണ് ഇംഗ്ലണ്ട് തകർന്നത്. ഡേവിഡ് മലനെയും (16) ജോ റൂട്ടിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നൽകി. കുൽദീപ് യാദവ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. ഹിറ്റ് ഫിഫ്റ്റി ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ഇന്ത്യക്ക് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നു. തട്ടിമുട്ടിനിന്ന ഇന്ത്യന്‍ ഓപ്പണിംഗിനെ നാലാം ഓവറിന്റെ അവസാന പന്തില്‍ ക്രിസ് വോക്സ് ഭേദിച്ചു. 13 പന്തില്‍ ഒമ്പതു റണ്‍സ് എടുത്ത ശുഭ്മാന്‍ ഗില്ലിനെ വോക്സ് ബൗള്‍ഡാക്കി. തുടര്‍ന്നുള്ള ഇന്ത്യന്‍ പ്രതീക്ഷയായ വിരാട് കോഹ്ലി നേരിട്ട ഒമ്പതാം പന്തില്‍ പൂജ്യത്തിനു പുറത്ത്. ഡേവിഡ് വില്ലിയുടെ പന്തില്‍ സ്റ്റോക്സിനു ക്യാച്ച് നല്‍കിയായിരുന്നു കോഹ്ലി മടങ്ങിയത്. ഈ ലോകകപ്പില്‍ കോഹ്ലിയുടെ രണ്ടാമത്തെ ഡക്ക്. ശ്രേയസ് അയ്യറിന്റെ (4) ഊഴമായിരുന്നു അടുത്തത്. 16 പന്ത് നേരിട്ട അയ്യര്‍ വോക്സിന്റെ പന്തില്‍ മാര്‍ക്ക് വുഡിനു ക്യാച്ച് നല്കി മടങ്ങി. അതോടെ 11.5 ഓവറില്‍ മൂന്നിന് 40 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു. തുടര്‍ന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ.എൽ. രാഹുലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. നേരിട്ട 66-ാം പന്തില്‍ രോഹിത് അര്‍ധശതകത്തില്‍ എത്തി. നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയാണ് രോഹിത് അര്‍ധശതകത്തിലേക്ക് എത്തിയത്. ഐസിസി ഏകദിന ലോകകപ്പില്‍ രോഹിത്തിന്റെ അഞ്ചാം അര്‍ധസെഞ്ചുറിയാണ്. എന്നാൽ, ലോകകപ്പില്‍ എട്ട് സെഞ്ചുറി എന്ന നേട്ടത്തിലേക്ക് എത്താന്‍ രോഹിത്തിനു സാധിച്ചില്ല. പക്ഷേ, രോഹിത് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്.
2023ല്‍ 1000 ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് എന്ന നേട്ടവും രോഹിത് ഇന്നലെ പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്സില്‍ 31 റണ്‍സ് തികച്ചതോടെയാണ് 1000 റണ്‍സ് രോഹിത് പിന്നിട്ടത്. 2023ല്‍ 1000 ഏകദിന റണ്‍സ് തികയ്ക്കുന്ന മൂന്നാമത് മാത്രം ബാറ്ററാണ് രോഹിത്. രോഹിത്തിന്റെ സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (1334), ശ്രീലങ്കയുടെ പതും നിസാങ്ക (1062) എന്നിവര്‍ മാത്രമാണ് ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ 1000 ഏകദിന റണ്‍സ് സ്വന്തമാക്കിയത്. ഇതിനിടെ ഏകദിനത്തില്‍ 10,500 റണ്‍സും രോഹിത് തികച്ചു. രോഹിത്-രാഹുല്‍ നാലാം വിക്കറ്റില്‍ രോഹിത്തും കെ.എൽ. രാഹുലും (39) ചേര്‍ന്ന് 111 പന്തില്‍ 91 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 58 പന്തില്‍ മൂന്ന് ഫോറിന്റെ സഹായത്തോടെയാണ് രാഹുല്‍ 39 റണ്‍സ് നേടിയത്. ഇന്ത്യക്കായി ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കൂട്ടുകെട്ട് എന്നതില്‍ രണ്ടാം സ്ഥാനത്തും രോഹിത്-രാഹുല്‍ സഖ്യമെത്തി. സച്ചിന് തെണ്ടുല്‍ക്കർ-വിരേന്ദര്‍ സെവാഗ് എന്നിവര്‍ 971 റണ്‍സ് നേടിയതാണ് ഒന്നാമത്. രോഹിത്-രാഹുല്‍ സഖ്യം 729 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. സൗരവ് ഗാംഗുലി-രാഹുല്‍ ദ്രാവിഡ് സഖ്യത്തിന്റെ 705 റണ്‍സാണ് രോഹിത്-രാഹുല്‍ കൂട്ടുകെട്ട് പിന്തള്ളിയത്. സൂര്യകുമാര്‍ 49 ഇന്ത്യന്‍ ഇന്നിംഗ്സിലെ രണ്ടാമത് ഉയര്‍ന്ന സ്കോറിനുടമയായത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. 47 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 49 റണ്‍സായിരുന്നു സൂര്യയുടെ ബാറ്റില്‍നിന്ന് പിറന്നത്. ഇന്ത്യന്‍ ഇന്നിംഗ്സില്‍ നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത് എന്നതും ശ്രദ്ധേയം. രോഹിത്, രാഹുൽ, സൂര്യകുമാര്‍ എന്നിവര്‍ക്കു പിന്നാലെ ജസ്പ്രീത് ബുംറയും (16) രണ്ടക്കം കണ്ടു. രോഹിത് 18000 ഇംഗ്ലണ്ടിനെതിരായ 87 റണ്‍സ് ഇന്നിംഗ്സിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെത്തി. 101 പന്തില്‍നിന്നായിരുന്നു രോഹിത്തിന്റെ 87 റണ്‍സ് പ്രകടനം. 457 മത്സരങ്ങളില്‍നിന്നാണ് രോഹിത് 18,000 റണ്‍സ് തികച്ചത്. സച്ചിന് തെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്ലി (26,121), രാഹുല്‍ ദ്രാവിഡ് (24,208), സൗരവ് ഗാംഗുലി (18,575) എന്നിവരാണ് 18,000+ റണ്‍സ് ക്ലബ്ബില്‍ ഉള്ള മറ്റ് ഇന്ത്യക്കാര്‍.
Source link