ആശ്വാസ ലങ്ക
ലക്നോ: ഒടുവില്‍ ശ്രീലങ്കന്‍ ആരാധകര്‍ കാത്തിരുന്ന ദിവസമെത്തി. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ലങ്ക ആദ്യ വിജയം സ്വന്തമാക്കി. ലോകകപ്പിലെ ശ്രീലങ്കയുടെ നാലാം മത്സരത്തിലാണ് ജയം. നെതര്‍ലന്‍ഡ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക വിജയമാഘോഷിച്ചു. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 91 റണ്‍സെടുത്തു പുറത്താകാതെനിന്ന സദീര സമരവിക്രമയാണ് ശ്രീലങ്കയുടെ വിജയശില്‍പ്പി. ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. 52 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റിലൊന്നിച്ച നിസങ്കയും സദീരയും ശ്രീലങ്കയെ രക്ഷിച്ചു. ഇരുവരും 52 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
എന്നാല്‍ 52 പന്തില്‍ 54 റണ്‍സെടുത്ത നിസങ്കയെ പുറത്താക്കി മീകെറെന്‍ സഖ്യം പൊളിച്ചു. സദീര 107 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെ അകമ്പടിയോടെ 91 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡച്ച് ടീം 49.4 ഓവറില്‍ 262 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 21.2 ഓവറില്‍ 91 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ഡച്ച് ടീമിന് ഏഴാം വിക്കറ്റില്‍ ഒന്നിച്ച സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ് – ലോഗന് വാന്‍ ബീക് സഖ്യമാണ് തുണയായത്. 130 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ടീമിനെ 200 കടത്തിയ ശേഷമാണ് പിരിഞ്ഞത്. 82 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 70 റണ്‍സെടുത്ത സൈബ്രാന്‍ഡാണ് ടോപ് സ്കോറര്‍. വാന്‍ ബീക് 59 റണ്‍സെടുത്തു.
Source link