എടുത്തുചാട്ടത്തിന് സ്വർണമുണ്ടെങ്കിൽ അത് ടിന്റുവിന്റെ ബന്ധുവിനാണ്!
കുന്നംകുളം: വാശിയേറിയ ജൂണിയർ വിഭാഗം ലോഗ്ജംപിൽ സ്വർണച്ചാട്ടം ചാടി ഒളിന്പ്യൻ താരം ടിന്റു ലൂക്കയുടെ ബന്ധു ഫെമിക്സ് റിജേഷ്. സംസ്ഥാന മത്സരത്തിൽ തന്റെ ബെസ്റ്റ് ദൂരം ചാടാനായതിന്റെ സന്തോഷത്തിലാണു ഫെമിക്സ്. ഒളിന്പ്യൻ ടിന്റുലൂക്കയുടെ അമ്മൂമ്മയുടെ സഹോദരിയുടെ മകനാണു ഫെമിക്സ്. ജില്ലാ മത്സരത്തിൽ ഫെമിക്സ് താണ്ടിയ 6.34 മീറ്ററിനേക്കാൾ 29 സെന്റീമീറ്റർ കൂടുതൽ 6.63 ചാടിയാണു സംസ്ഥാന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത്. ജില്ലാതല മത്സരത്തിൽ ആറു മീറ്ററാണു ചാടിയത്. സംസ്ഥാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതിന്റെ സന്തോഷത്തിലാണു താരം. നൂറു മീറ്റർ മത്സരത്തിൽ പങ്കെടുത്തിരുന്നെങ്കിലും അഞ്ചാംസ്ഥാനക്കാരനായിരുന്നു. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്.
കണ്ണൂർ കൂത്തുപറന്പിൽ വേലിക്കകത്തു പറന്പിൽ കൃഷിക്കാരൻ റിജേഷും നഴ്സ് ബിൻസിയുമാണു മാതാപിതാക്കൾ. കണ്ണൂർക്കാരനാണെങ്കിലും പാലായിലെ സ്പോർട്സ് അക്കാദമിയിലെ അജിമോന്റെ കീഴിലായിരുന്നു പരിശീലനം. പിന്നീട് അദ്ദേഹം തിരുവനന്തപുരം ജിവി രാജ അക്കാദമിയിലേക്കു പോയതോടെ ഫെമിക്സിനെയും കൂടെക്കൂട്ടി. മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയിരുന്നില്ലെങ്കിലും മികച്ചപ്രകടനം കണ്ട് ഭാവിയിലെ സ്പോർട്സ് താരത്തെ അദ്ദേഹം തിരിച്ചറിയുകയായിരുന്നു. നിലവിൽ പരിശീലകൻ അഖിലും നിർദേശങ്ങൾ നല്‍കുന്നുണ്ട്.
Source link