65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു തുടക്കം
ടോണി ജോസ് കുന്നംകുളം: 15 വർഷത്തെ ഇടവേളയ്ക്കുശേഷം വടക്കുംനാഥന്റെ മണ്ണിലേക്കു തിരിച്ചെത്തിയ സംസ്ഥാന സ്കൂൾ കായികോത്സവത്തെ തൃശൂർ ഇരുകൈയും നീട്ടി സ്വീകരിച്ചു. കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്കിൽ ഇനിയുള്ള ദിനങ്ങളിൽ കൗമാര സംഭവങ്ങളുടെ മഹാ പോരാട്ടദിനങ്ങൾ. തൃശൂരിന്റെ ഗഡികളെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാൻ 3,000ൽ അധികം സ്കൂൾ കുട്ടികളാണ് കുന്നംകുളത്തെത്തിയിരിക്കുന്നത്. 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ട്രാക്കും ഫീൽഡും ഇന്ന് മിഴി തുറക്കും. പകലും രാത്രിയും തുടർച്ചയായ രണ്ടാം തവണയാണ് സംസ്ഥാന സ്കൂൾ കായികോത്സവം പകലും രാത്രിയുമായി അരങ്ങേറുന്നത്. താത്കാലികമായി സ്ഥാപിച്ച ഫ്ളഡ്ലിറ്റുകളിൽനിന്ന് തൂവുന്ന പാൽവെളിച്ചത്തിൽ ഭാവി ഇന്ത്യൻ താരങ്ങളുടെ പോരാട്ടത്തിനു കുന്നംകുളം സാക്ഷ്യംവഹിക്കും. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 14 മുതൽ 19 വയസ് വരെയുള്ള കുട്ടികളാണ് ട്രാക്കിലും ഫീൽഡിലും ഇറങ്ങുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മീറ്റ് നേരത്തേയാണെന്നതും ശ്രദ്ധേയം. നവംബർ രണ്ടാം വാരം ദേശീയ സ്കൂൾ മീറ്റ് പോരാട്ടം അരങ്ങേറുന്നതുൾപ്പെടെയുള്ള സാഹചര്യം പരിഗണിച്ചാണ് 65-ാം സംസ്ഥാന കായികോത്സവം നേരത്തേയാക്കിയത്. പാലക്കാട് x എറണാകുളം ഒരു കാലത്ത് കോട്ടയം ജില്ലയായിരുന്നു സംസ്ഥാന സ്കൂൾ കായിക മേളയിലെ സ്ഥിരം ചാന്പ്യന്മാർ. 18 വർഷത്തിനു മുന്‍പാണ് കോട്ടയം അവസാനമായി ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്. പിന്നീടിതുവരെ എറണാകുളവും പാലക്കാടും തമ്മിലുള്ള പോരാട്ടമാണ്. തുടർച്ചയായി എട്ടു വർഷം എറണാകുളം ചാന്പ്യൻപട്ടം നിലനിർത്തി.
കോതമംഗലം സ്കൂളുകളായ സെന്റ് ജോർജിന്റെയും മാർ ബേസിലിന്റെയും കരുത്തിലായിരുന്നു എറണാകുളം തലയുയർത്തിയത്. എന്നാൽ, കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് എതിരില്ലാതെ പാലക്കാട് ചാന്പ്യന്മാരായി. പറളി, കല്ലടി, മുണ്ടൂർ സ്കൂളുകളുടെ മികവിലായിരുന്നു പാലക്കാടൻ കാറ്റ് ആഞ്ഞുവീശിയത്. കോവിഡ് ഇടവേളയ്ക്കുശേഷമുള്ള ഗെയിംസായിരുന്നു അത്. 269 പോയിന്റുമായി പാലക്കാട് ജയം കുറിച്ചപ്പോൾ എറണാകുളം (81) അഞ്ചാം സ്ഥാനത്തായി. മലപ്പുറം (149), കോഴിക്കോട് (122), കോട്ടയം (89) ജില്ലകൾക്കായിരുന്നു രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ. ഹാട്രിക് ചാന്പ്യൻഷിപ് തേടിയാണ് പാലക്കാട് ഇറങ്ങുന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാൻ ദ്രോണാചാര്യ തോമസ് മാഷിന്റെ നേതൃത്വത്തിലുള്ള കുട്ടികളുമായി കോട്ടയവും കിരീടം തിരിച്ചു പിടിക്കാൻ എറണാകുളവും കരുത്തറിയിക്കാൻ മലപ്പുറവും കോഴിക്കോടുമെല്ലാം ഇന്നു മുതൽ മസിൽപെരുപ്പിക്കും. ആദ്യദിനം 21 ഫൈനൽ മീറ്റിന്റെ ആദ്യദിനമായ ഇന്ന് 21 ഫൈനലുകൾ അരങ്ങേറും. രാവിലെ ഏഴിന് ജൂണിയർ പെണ്‍കുട്ടികളുടെ 3,000 മീറ്റർ ഓട്ടത്തോടെയാണ് ട്രാക്ക് പോരാട്ടങ്ങൾക്ക് ചൂടുപിടിക്കുന്നത്. തൊട്ടുപിന്നാലെ ആണ്‍കുട്ടികളുടെയും 3000 മീറ്റർ പോരാട്ടം അരങ്ങേറും. തുടർന്ന് സബ് ജൂണിയർ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോ, പെണ്‍കുട്ടികളുടെ ലോംഗ്ജംപ് മത്സരങ്ങളോടെ ഫീൽഡ് പോരാട്ടങ്ങളും സജീവമാകും. ജൂണിയർ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടാണ് ഇന്നല്ലെ അവസാന മെഡൽ പോരാട്ടം. തുടർന്ന് രാത്രി എട്ട് വരെ റിലേ യോഗ്യതാ റൗണ്ട് പോരാട്ടങ്ങൾ അരങ്ങേറും.
Source link