സംസ്ഥാന സ്കൂൾ കായികോത്സവം നാളെമുതൽ
കുന്നംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിനു വേദിയാകുന്ന കുന്നംകുളത്ത് ഒരുക്കങ്ങൾ പൂർത്തിയായി. 16 മുതൽ 20 വരെ കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് കായികമേള നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തൃശൂർ സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. പകലും രാത്രിയുമായാണ് മത്സരങ്ങൾ. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും ഉൾപ്പെടെ 98 ഇനങ്ങളിലാണ് സീനിയർ ഗ്രൗണ്ടിൽ മത്സരങ്ങൾ അരങ്ങേറുക. വിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മത്സരത്തിനായി ഡിസ്പ്ലേ ബോർഡ്, ഫോട്ടോ ഫിനിഷ് കാമറ, ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടർ,എല്ഇഡി വോൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞു. തൃശൂർ റോഡിലെ ബഥനി സെന്റ് ജോൺസ് സ്കൂളിലാണ് ഫസ്റ്റ് കോൾ റൂം, വാമിംഗ് അപ്പ് ഏരിയ എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. അലോപ്പതി, സ്പോർട്സ് ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദം, ഫിസിയോ തെറാപ്പിസ്റ്റ്, ആംബുലൻസ് എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ ടീമും സജ്ജമായിട്ടുണ്ട്. കുന്നംകുളം മേഖലയിലെ 15 സ്കൂളുകളിലായാണ് കുട്ടികളുടെ താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കായികതാരങ്ങളുടെ യാത്രയ്ക്കായി വിവിധ സ്കൂളുകളിൽ നിന്ന് 20 ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.
മത്സരങ്ങളിൽ ഒന്നാംസ്ഥാനം ലഭിക്കുന്ന കായികതാരങ്ങൾക്ക് 2,000 രൂപയും രണ്ടാംസ്ഥാനത്തിന് 1500 രൂപയും മൂന്നാംസ്ഥാനക്കാർക്ക് 1250 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകും. മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്ന ജില്ലകൾക്ക് യഥാക്രമം 2,20,000, 1,65,000, 1,10,000 എന്നിങ്ങനെ സമ്മാനത്തുകയും നൽകും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരാകുന്ന കുട്ടികൾക്ക് നാലുഗ്രാം സ്വർണപ്പതക്കം സമ്മാനമായി നൽകും. പുതിയ സംസ്ഥാന റിക്കാർഡ് സ്ഥാപിക്കുന്ന കായികതാരങ്ങൾക്ക് 4,000 രൂപവീതം സമ്മാനം നൽകും. 17ന് ഉച്ചകഴിഞ്ഞ് 3.30ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനാകും. എ.സി. മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിലാണ് മേളയുടെ ഒരുക്കങ്ങൾ.
Source link