അന്പെയ്ത്തിൽ ഇന്ത്യക്ക് രണ്ടു സ്വർണം
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. അന്പും വില്ലും കുലച്ച് ഇന്ത്യ ഇന്നലെ രണ്ടു സ്വർണം എയ്തു വീഴ്ത്തി. അന്പെയ്ത്തിൽ വനിതാ ടീം കോന്പൗണ്ടിലും പുരുഷ ടീം കോന്പൗണ്ടിലും ഇന്ത്യ സ്വർണമണിഞ്ഞു. അദിതി സ്വാമി, പർനീത് കൗർ, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി വനിതാ കോന്പൗണ്ടിൽ സ്വർണത്തിൽ മുത്തമിട്ടത്. അഭിഷേക് വർമ, പ്രതാമേഷ് ജൗകർ, ഓജസ് ദ്യോതലെ എന്നിവരായിരുന്നു സ്വർണം നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്നത്.
വനിതാ ടീം കോന്പൗണ്ട് ഫൈനലിൽ 230-229ന് ചൈനീസ് തായ്പേയിയെ ഇന്ത്യ കീഴടക്കി. 54, 58, 59, 59 എന്നിങ്ങനെയായിരുന്നു നാല് റൗണ്ടിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം. പുരുഷ ഫൈനലിൽ ഇന്ത്യ 235-230ന് ദക്ഷിണകൊറിയയെ കീഴടക്കി. 58, 58, 59, 60 എന്നതായിരുന്നു ഇന്ത്യയുടെ നാല് റൗണ്ട് സ്കോർ. 2014 ഇഞ്ചിയോണ്‍ ഏഷ്യൻ ഗെയിംസിൽ 238 പോയിന്റുമായി ഗെയിംസ് റിക്കാർഡോടെ സ്വർണം നേടിയ ദക്ഷിണകൊറിയയെ അട്ടിമറിച്ചാണ് ഇന്ത്യയുടെ തങ്കനേട്ടം എന്നതാണ് ശ്രദ്ധേയം.
Source link