ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്കു തോല്‍വി; സിറ്റി, ബാഴ്സ ജയിച്ചു
ന്യൂകാസിൽ: തകർപ്പൻ പ്രകടനവുമായി ന്യൂകാസിൽ യുണൈറ്റഡ് ശക്തരായ പാരീസ് സെന്റ് ജെർമയ്നെ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ നാണംകെടുത്തി. ഗ്രൂപ്പ് എഫിൽ 4-1ന്റെ ജയമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് സ്വന്തമാക്കിയത്. ചാന്പ്യൻസ് ലീഗ് ഹോം മത്സരത്തിൽ 20 വർഷത്തിനുശേഷം ന്യൂകാസിൽ നേടുന്ന ആദ്യജയമാണ്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ന്യൂകാസിലിനെതിരേ പിഎസ്ജിക്ക് മറുപടിയില്ലായിരുന്നു. മിഗ്വൽ അൽമിറോണ് (17’) ആതിഥേയരെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റിൽ ഡാൻ ബേണ്‍ ന്യൂകാസിലന്റെ ലീഡ് ഉയർത്തി. 50-ാം മിനിറ്റിൽ ഷോണ്‍ ലോങ്സ്റ്റാഫ് പിഎസ്ജിയുടെ വല മൂന്നാം തവണയും കുലുക്കി. ഈ ഗോളോടെ ന്യൂകാസിൽ ആരാധകർ സ്വപ്നലോകത്തായി. 56-ാം മിനിറ്റിൽ ലൂകാസ് ഹെർണാണ്ടസ് ഒരു ഗോൾ മടക്കി പിഎസ്ജിക്ക് അശ്വാസം നൽകി. ഇഞ്ചുറി ടൈമിൽ ഫാബിയൻ ഷാർ ന്യൂകാലിന്റെ നാലാം ഗോൾ നേടി. 2004 സെപ്റ്റംബറിൽ ചെൽസിയോടു 3-0ന് തോറ്റശേഷം പിഎസ്ജി ഗ്രൂപ്പ് ഘട്ടത്തിൽ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണ്. 2001 മാർച്ചിൽ ഡിപ്പോർട്ടിവോ ലാ കൊറുണയോട് 4-3ന് തോറ്റശേഷം ഒരു ഗ്രൂപ്പ് മത്സരത്തിൽ നാലു ഗോൾ വഴങ്ങുന്നതും ഇതാദ്യം. ഗ്രൂപ്പിലെ എസി മിലാൻ-ബൊറൂസിയ ഡോർട്മുണ്ട് മത്സരം ഗോൾരഹിത സമനിലയായി. അൽവാരസിന്റെ സിറ്റി അവസാന മിനിറ്റുകളിൽ ജൂലിയൻ അൽവാരസും ജെർമി ഡോക്കുവും നേടിയ ഗോളുകളിൽ നിലവിലെ ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 3-1ന് ലൈപ്സിഗിനെ തോൽപ്പിച്ചു. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ 3-1നാണ് സിറ്റിയുടെ ജയം.
ഫിൽ ഫോഡന്റെ ഗോളിൽ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 48-ാം മിനിറ്റിൽ ലൂയിസ് ഒപെൻഡ ജർമൻ ക്ലബ്ബിന് സമനില നൽകി. മത്സരം സമനിലയിലേക്കെന്നു കരുതിയിരിക്കേ 84-ാം മിനിറ്റിൽ അൽവാരസ് സിറ്റിക്ക് ലീഡ് നൽകി. 90+2ാം മിനിറ്റിൽ ഡോക്കു സിറ്റിയുടെ ജയം ഉറപ്പിച്ചു. റെഡ് സ്റ്റാർ ബെൽഗ്രേഡ്-യംഗ് ബോയ്സ് മത്സരം 2-2ന് അവസാനിച്ചു. ടോറസ് പിടിച്ച് ബാഴ്സ ഗ്രൂപ്പ് എച്ചിൽ ഫെറാൻ ടോറസിന്റെ ഗോളിൽ ബാഴ്സലോണ ജയം സ്വന്തമാക്കി. പൊരുതിക്കളിച്ച എഫ്സി പോർട്ടോയെ 1-0നാണ് ബാഴ്സ കീഴടക്കിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ഗാവി പുറത്തായതോടെ പത്തു പേരായാണ് ബാഴ്സ മത്സരം പൂർത്തിയാക്കിയത്. 34-ാം മിനിറ്റിൽ പരിക്കേറ്റ റോബർട്ട് ലെവൻഡോവ്സ്കിക്കു പകരക്കാനായാണ് ടോറസ് ഇറങ്ങിയത്. 45+1ാം മിനിറ്റിൽ ടോറസ് പോർട്ടോയുടെ വലകുലുക്കി. അഞ്ചു ഗോളുകൾ പിറന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-2ന് ഫെയനൂർഡ് റോട്ടർഡാമിനെ പരാജയപ്പെടുത്തി. ലാസിയോ 2-1ന് സെൽറ്റിക്കിനെ തോൽപ്പിച്ചു.
Source link