കാണാൻ ആളില്ല
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് പൂരത്തിന് അഹമ്മദാബാദിൽ കൊടിയേറി. 12 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യൻ മണ്ണ് വേദിയാകുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും ഏറ്റുമുട്ടി. എന്നാൽ, ഉദ്ഘാടനമത്സരത്തേക്കാൾ ഒഴിഞ്ഞ ഗാലറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ലോകകപ്പ് ട്രോഫി മത്സരത്തിനുമുന്പ് മൈതാനത്തേക്ക് എത്തിച്ചപ്പോൾ സാക്ഷിയായതു ചുരുക്കം ആരാധകർ മാത്രം. ഒരു ലക്ഷം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. എന്നാൽ, ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാൻ വളരെ കുറച്ച് ആരാധകർ മാത്രമാണ് ഗാലറിയിലുണ്ടായിരുന്നത്.
ആരാധകരെ ആകർഷിക്കാൻ ലോകകപ്പിനു മുന്പ് വിപുലമായ ഉദ്ഘാടനച്ചടങ്ങുകൾ നടത്തുന്നതു പതിവാണ്. എന്നാൽ, ഇക്കുറി ഉദ്ഘാടനച്ചടങ്ങുകൾ പോലുമില്ലാതെയാണ് ലോകകപ്പ് ആരംഭിച്ചത്. അവസാന നിമിഷം ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കിയതിന്റെ കാരണം ബിസിസിഐ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന സുതാര്യമല്ലെന്നും ഉദ്ഘാടന മത്സരത്തിന്റെ ആവേശം ഗാലറിയിലുണ്ടാക്കുന്നതിൽ സംഘാടകരായ ബിസിസിഐ പരാജയപ്പെട്ടെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു. ഐപിഎല്ലിനായി കോടികൾ പൊടിക്കുന്ന ബിസിസിഐ, ലോകകപ്പിന്റെ കാര്യത്തിൽ വേണ്ട താത്പര്യം കാണിച്ചില്ലെന്നും ആരാധകക്കു പരാതിയുണ്ട്.
Source link