മെഡൽ ഇടി; നിഖാത് സരീന് ബോക്സിംഗിൽ വെങ്കലം
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ ബോക്സിംഗിലൂടെ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതാ വിഭാഗം 50 കിലോഗ്രാമിൽ നിഖാത് സരീൻ വെങ്കലം സ്വന്തമാക്കി. സെമി ഫൈനലിൽ തായ്ലൻഡിന്റെ ചുതാമത് റക്സാതിനോട് തലനാരിഴയ്ക്ക് 3:2നു പരാജയപ്പെട്ടാണ് നിഖാത് സരീൻ വെങ്കലത്തിലൊതുങ്ങിയത്. ഈ വർഷമാദ്യം നടന്ന ലോക ചാന്പ്യൻഷിപ്പിൽ റക്സാതിനെതിരേ നിഖാത് സരീൻ ജയം നേടിയിരുന്നു. പർവീൻ ഹൂഡ സെമിയിൽ വനിതാ 57 കിലോഗ്രാം വിഭാഗത്തിൽ പർവീൻ ഹൂഡ സെമിയിലെത്തി മെഡൽ ഉറപ്പാക്കി. ഉസ്ബക്കിസ്ഥാന്റെ സിതോര ടർഡിബെകോവയെ തോൽപ്പിച്ചാണ് പർവീൻ ഹൂഡ സെമിയിലെത്തിയത്. ഇരുപത്തിമൂന്നുകാരിയായ പർവീൻ ഏഷ്യൻ ഗെയിംസ് മെഡൽ ഉറപ്പാക്കിയതിനൊപ്പം 2024 പാരീസ് ഒളിന്പിക്സ് യോഗ്യതയും കരസ്ഥമാക്കി.
19-ാം ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗം സ്വർണവും വെള്ളിയും നേടുന്ന താരങ്ങൾക്കും വനിതാ വിഭാഗത്തിൽ സെമിയിലെത്തുന്നവർക്കും 2024 പാരീസ് ഒളിന്പിക്സ് യോഗ്യത ലഭിക്കും. വനിതാ വിഭാഗത്തിൽ 66, 75 കിലോഗ്രാം വിഭാഗങ്ങളിൽ ആദ്യ രണ്ട് സ്ഥാനക്കാർക്കു മാത്രമേ ഒളിന്പിക്സ് യോഗ്യതയുള്ളൂ.
Source link