ഉരസൽ നേരത്തേ, എങ്കിലും ‘ഇന്ത്യ’ ഒരുമിച്ചുനിൽക്കും
ന്യൂഡൽഹി∙ ഒത്തുചേർന്ന പാർട്ടികളുടെ സ്വഭാവം പരിഗണിക്കുമ്പോൾ ‘ഇന്ത്യ’ മുന്നണിയിൽ ഉരസലുകൾ അപ്രതീക്ഷിതമല്ലായിരുന്നു. ഇത്രവേഗം അതു സംഭവിക്കുമോ എന്നതിൽ സംശയമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉരസലുകൾ പ്രതീക്ഷിച്ചതാണെന്നും അവ പറഞ്ഞുതീർക്കാൻ താൻ മുൻകൈയെടുക്കുമെന്നുമാണ് ശരദ് പവാർ പറയുന്നത്.
പഞ്ചാബിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിങ് ഖൈറയെ അറസ്റ്റ് ചെയ്തത് മുന്നണി മര്യാദയ്ക്കു നിരക്കാത്ത നടപടിയായി വിലയിരുത്തപ്പെടുന്നു. എന്നാൽ, മുന്നണിയിൽ നിന്നു തങ്ങൾ വിട്ടുപോകില്ലെന്നും സഖ്യധർമം പാലിക്കുമെന്നുമാണ് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ പറയുന്നത്.
മുംബൈ സമ്മേളനം വരെ കാര്യങ്ങൾ കുഴപ്പമില്ലാതെ നീങ്ങിയതാണ്. മുന്നണിയുടെ ആദ്യ മഹാറാലി ഭോപാലിൽ നടത്താമെന്ന് ഏകോപന സമിതി തീരുമാനിച്ചു. മധ്യപ്രദേശിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി കമൽനാഥ് ആ തീരുമാനം വെട്ടി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉത്തരേന്ത്യൻ കോൺഗ്രസ് മോഡൽ നടപ്പാക്കി ബിജെപിയെ തോൽപ്പിക്കാമെന്ന ഉറപ്പിലാണ് കമൽനാഥ്. അത്തരമൊരു സാഹചര്യത്തിലേക്ക്, സനാതനധർമ വിരുദ്ധത പറയുന്നവരെയൊക്കെക്കൂട്ടി മുന്നണി വരേണ്ടതില്ലെന്ന് കമൽനാഥ് തീരുമാനിച്ചു. ‘ഇന്ത്യ’യ്ക്ക് അത് അംഗീകരിക്കേണ്ടിവന്നു. ഭോപാലിനു പകരം ആദ്യ റാലി എവിടെയെന്നു മുന്നണി തീരുമാനിച്ചിട്ടില്ല.
ജാതി സെൻസസിനെ മുഖ്യവിഷയമാക്കി മുന്നോട്ടുവയ്ക്കുകയെന്നതും മുന്നണിയുടെ തീരുമാനമായിരുന്നു. തങ്ങളെ ഉത്തരേന്ത്യയിൽ കെട്ടുകെട്ടിച്ച ഒബിസി സംവരണ രാഷ്ട്രീയത്തെ ആലിംഗനം ചെയ്യാൻ കോൺഗ്രസെടുത്ത തീരുമാനം ചെറുതല്ല. എന്നാൽ, തന്റെ പാർട്ടിക്കു ജാതി സെൻസസ് വേണ്ടെന്ന് മമത ബാനർജി പറയുന്നു. അപ്പോൾ, മുന്നണിയുടേതായൊരു പൊതു പരിപാടിയുണ്ടെങ്കിൽ അതിൽ ജാതി സെൻസസ് ഉൾപ്പെടുമോയെന്നതിൽ സംശയമായിരിക്കുന്നു. കോൺഗ്രസിന്റെ ഒബിസി അജൻഡ തങ്ങളുടെ വോട്ടുമേഖലകളെ ബാധിക്കുമെന്ന് സമാജ്‌വാദി പാർട്ടിക്ക് ആശങ്കയുണ്ട്.
ധാരണയോടെ മത്സരിക്കേണ്ട സീറ്റുകളെക്കുറിച്ച് ഉടനെ തീരുമാനം വേണമെന്നാണ് ആം ആദ്മി പാർട്ടിയുടെയും മമതയുടെയും ആവശ്യം. ഏറെ നേരത്തെ സീറ്റുകൾ തീരുമാനിച്ചാൽ തങ്ങളുടെ പലരും ബിജെപിയിലേക്കു പലായനം ചെയ്യാനുള്ള സാധ്യത കോൺഗ്രസ് മുന്നിൽ കാണുന്നു. ഉടനെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു വലിയ നേട്ടമുണ്ടായാൽ അവരുടെ ഭാവം മാറും, വിലപേശൽ ശേഷി കൂടും എന്നാണ് മമതയും ആം ആദ്മി പാർട്ടിയും കരുതുന്നത്.
സീറ്റ് ചർച്ചകൾ നടക്കാത്തതിലെ നീരസം കൂടിയാണ് പഞ്ചാബിലെ അറസ്റ്റിലൂടെ പ്രകടമായത്. ബംഗാളിൽ ഇടതുമായി കോൺഗ്രസ് കൂട്ടുകൂടേണ്ടെന്നാണ് മമതയുടെ നിലപാട്. ഇടതുമായി സഹകരിച്ച് ബംഗാളിൽ സീറ്റുകൾ നേടാമെന്നത് തെറ്റിദ്ധാരണയാണെന്ന തോന്നൽ കോൺഗ്രസിലും ശക്തമാകുന്നുണ്ട്.
ഇതിനിടെയാണ് ഏകോപന സമിതിയിൽ തങ്ങളില്ലെന്ന സിപിഎം പ്രഖ്യാപനം. ബിജെപിക്കെതിരെയുള്ള വിശാലമായ യോജിപ്പിൽ തങ്ങളുണ്ട്; രാഷ്ട്രീയ കക്ഷികളുടേതായ ഐക്യമുന്നണിയിൽ പങ്കാളിത്തമില്ല. ഏകോപന സമിതിയുടെ ഭാഗമായാൽ ഭൂരിപക്ഷ തീരുമാനങ്ങൾ അംഗീകരിക്കേണ്ടിവരും; പാർട്ടിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടും. മുൻകാലങ്ങളിലും ഇതായിരുന്നു തങ്ങളുടെ ലൈൻ എന്നാണ് സിപിഎം പറയുന്നത്. എന്നാൽ, സിപിഐക്ക് അതിൽ യോജിപ്പില്ല.
ഏകോപനത്തിനുൾപ്പെടെ സമിതികൾ രൂപീകരിക്കാമെന്ന് മുംബൈയിൽ ഏകസ്വരത്തിൽ തീരുമാനിച്ചതാണെന്നു പറഞ്ഞ് സിപിഐ അകലം വ്യക്തമാക്കി. എല്ലാ സമിതിയിലും പങ്കെടുക്കുമെന്നും അവയുടെ സുഗമമായ പ്രവർത്തനത്തിന് തങ്ങളാലാവുന്നതു ചെയ്യുമെന്നും സിപിഐ പറഞ്ഞു. രാഹുൽ ഗാന്ധി എവിടെ മത്സരിക്കരുതെന്ന അഭിപ്രായം മാത്രമാണ് പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ കേട്ട, കൂട്ടുകെട്ടിനു നിരക്കാത്ത അപശബ്ദം.
ഒരുമിച്ചുനിന്നാൽ ബിജെപിയെ തോൽപിക്കാം, എന്നാൽ ഒരുമിക്കാനില്ല എന്ന ഉറച്ച നിലപാടാണ് 2019ൽ പ്രതിപക്ഷത്തിന്റെ പരാജയത്തിനു വഴിവച്ചത്. ഇത്തവണ അങ്ങനെയല്ല, ഒരുമിച്ചു നിൽക്കണമെന്ന ബോധ്യമുണ്ടായി. അതിനായി തീരുമാനങ്ങളെടുത്തു. എന്നാൽ, ബോധ്യത്തിനൊത്ത വഴക്കം പ്രകടമാക്കുന്നില്ലെന്നതാണു നിലവിലെ സ്ഥിതി.
English Summary : Political parties to continue in india alliance even though with differences of opinion
Source link