ചൈനയിൽ ഇന്ത്യയുടെ ക്രിക്കറ്റ് യശസ്
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. ഇന്ത്യക്കെതിരേ 203 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാൾ മികച്ച ചെറുത്തുനില്‍പാണു നടത്തിയത്. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 179 റണ്‍സെടുക്കാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയി നാല് ഓവറിൽ 24 റണ്‍സ് വഴങ്ങിയും ആവേശ് ഖാൻ 32 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 15 പന്തിൽ നാല് സിക്സ് സഹിതം 32 റണ്‍സെടുത്ത ദീപേന്ദ്ര സിംഗാണ് നേപ്പാളിന്റെ ടോപ് സ്കോറർ. സണ്‍ദീപ് ജോറ 12 പന്തിൽ 29 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 202 റണ്‍സെടുത്തു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിയാണ് 100 (49) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. എട്ടു ഫോറും ഏഴു സിക്സും ജയ്സ്വാളിന്റെ ബാറ്റിൽനിന്ന് പിറന്നു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ റിങ്കു സിംഗും 37 (15), ശിവം ദുബെയും 25 (19) നടത്തിയ കൂറ്റൻ അടികൾ ഇന്ത്യൻ സ്കോർ 200 കടത്തി. രണ്ട് ഫോറും നാല് സിക്സും സഹിതമാണ് റിങ്കു 37 റണ്‍സെടുത്തത്.
Source link