ഷൂട്ടിംഗിലൂടെ ഇന്ത്യക്കു നാലാം സ്വർണം
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യൻ അക്കൗണ്ടിലേക്കു വീണ്ടും സ്വർണം. പുരുഷ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലാണ് ഇന്ത്യ ഗെയിംസിന്റെ അഞ്ചാം ദിനം സ്വർണം സ്വന്തമാക്കിയത്. അർജുൻ സിംഗ് ചീമ, ശിവ നർവാൾ, സരബ്ജോത് സിംഗ് എന്നിവടങ്ങിയ ഇന്ത്യൻ ടീം സ്വർണം വെടിവച്ചിട്ടു. 1734 പോയിന്റാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയായിരുന്നു ഇന്ത്യയുടെ സ്വർണം. വെള്ളി നേടിയ ചൈന 1733 പോയിന്റാണു സ്വന്തമാക്കിയത്. 1730 പോയിന്റുമായി വിയറ്റ്നാം വെങ്കലം നേടി. സരബ്ജോതും അർജുനും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും നാലും എട്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. നാളെ 22-ാം ജന്മദിനമാഘോഷിക്കുന്ന സരബ്ജോത് സിംഗിനു നേരത്തേയുള്ള സമ്മാനമായി 10 മീറ്റർ എയർ പിസ്റ്റൾ ടീം സ്വർണം.
ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇതോടെ നാലു സ്വർണം, നാലു വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെ 13 മെഡലായി. ഒരു ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഷൂട്ടിംഗിലൂടെ നേടുന്ന ഏറ്റവും കൂടുതൽ മെഡലാണ് ഇത്തവണ ഹാങ്ഝൗവിലേത്. ഒക്ടോബർ ഒന്നുവരെ ഷൂട്ട് മത്സരങ്ങൾ ഉണ്ടെന്നതിനാൽ ഇന്ത്യയുടെ മെഡൽ നേട്ടം ഇനിയും ഉയർന്നേക്കാം.
Source link