ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും സ്വർണനേട്ടം
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് അഞ്ചാം ദിനത്തിൽ ഇന്ത്യയുടെ നേട്ടം ഒരു സ്വർണമടക്കം മൂന്നു മെഡലുകൾ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ ഇന്ത്യക്കുവേണ്ടി സരബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവർ സ്വർണം നേടി. വുഷുവിലാണു വെള്ളി. ഈ വിഭാഗത്തിൽ ഇന്ത്യയുടെ റോഷിബിന ദേവി 60 കിലോ വനിതാ ഫൈനലിൽ പരാജയപ്പെട്ടു. അശ്വാഭ്യാസം ഡ്രസാഷ് വ്യക്തിഗതയിനത്തിൽ അനുഷ് അഗർവാല ഇന്ത്യക്കായി വെങ്കലം നേടി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ അശ്വാഭ്യാസ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ആദ്യമെഡലാണിത്. നേരത്തേ ടീം ഇനത്തിൽ അനുഷ് അടങ്ങിയ ടീം സ്വർണം നേടിയിരുന്നു.
ടെന്നീസ് പുരുഷ ഡബിൾസ് ഫൈനലിൽ കടന്ന ഇന്ത്യയുടെ സാകേത് മൈനേനി-രാംകുമാർ രാമനാഥൻ സഖ്യവും മിക്സഡ് ഡബിൾസ് സെമിയിൽ കടന്ന രോഹൻ ബൊപ്പണ്ണ-റുതുജ ഭോസ്ലെ സഖ്യവും സ്ക്വാഷ് ടീം വിഭാഗം സെമി ഫൈനലിൽ കടന്ന ടീമും മെഡൽ ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ ആറു സ്വർണവും എട്ടു വെള്ളിയും 11 വെങ്കലവുമടക്കം 25 മെഡലുകളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ആതിഥേയരായ ചൈനയാണ് മെഡൽവേട്ടയിൽ മുന്നിൽ.
Source link